കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമഗ്രമായ പരിശോധനകളിലേക്ക് കടന്നു. സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഈ പരിശോധനകൾ പുരോഗമിക്കുന്നതെന്ന് എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. പ്രാഥമിക വിവരശേഖരണത്തിൽ തന്നെ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബന്ധപ്പെട്ട മജിസ്‌ട്രേറ്റിൽ നിന്നും നിയമാനുസൃതമായി സെർച്ച് വാറണ്ട് കൈപ്പറ്റിയ ശേഷമാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കാര്യാലയം, അഗസ്റ്റിൻ സഹോദരങ്ങളുടെ വസതി, ഇവരുടെ മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധനകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ആകെ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണ സംഘം രംഗത്തുള്ളത്. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു. പ്രാഥമിക ഘട്ടത്തിലുള്ള വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താമുറിയുടെ പ്രവർത്തനങ്ങളെ പോലീസ് സംഘം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. ആരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയല്ല, മറിച്ച് പരിശോധനാ വേളയിൽ മാറ്റി വെപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു മാധ്യമപ്രവർത്തകനിൽ നിന്നും ഫോൺ ബലമായി വാങ്ങിയിട്ടില്ല. പരിശോധനാ നടപടികളുടെ ദൃശ്യങ്ങൾ പോലീസും പൂർണ്ണമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെയും രേഖകളുടെയും പകർപ്പുകൾ ശേഖരിക്കേണ്ടതുകൊണ്ടാണ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.





