തൃശ്ശൂർ: സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോൺ അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം.
സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്നീ നിർണ്ണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 1960-കളുടെ ഒടുവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെട്ട അദ്ദേഹം 1971-ലാണ് സി.പി.ഐ.എം അംഗത്വം സ്വീകരിക്കുന്നത്. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ അടിത്തട്ടിൽ പ്രവർത്തിച്ചാണ് ജില്ലയിലെ പാർട്ടി നേതൃനിരയിലേക്ക് അദ്ദേഹം ഉയർന്നുവന്നത്. 1984 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ ചാവക്കാട് ഏരിയ സെക്രട്ടറിയായും 1986-ൽ ജില്ലാ കമ്മിറ്റി അംഗമായും 1997 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. 2006-ലാണ് സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.എഫിന്റെ ചാവക്കാട് താലൂക്ക് പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന അദ്ദേഹം സി.ഐ.ടി.യുവിന് കീഴിലുള്ള നിരവധി തൊഴിലാളി സംഘടനകളുടെ അമരക്കാരനായിരുന്നു. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശ്ശൂർ ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിച്ചു.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ കടുത്ത ഭരണകൂട ഭീകരതയ്ക്കും തടവറയ്ക്കും അദ്ദേഹം ഇരയായി. അടിയന്തരാവസ്ഥ നിലവിൽ വന്നതിന് ശേഷമുള്ള 1975-ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി പ്രതിഷേധം ഉയർത്താൻ ശ്രമിച്ചതിനെ തുടർന്ന് ക്രൂരമായ പോലീസ് മർദ്ദനം നേരിടേണ്ടി വരികയും രണ്ടര മാസക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയിൽ ഡിഫൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ് (DISIR) പ്രകാരം രണ്ട് പ്രാവശ്യമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 1971-ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ബേബി ജോണിനെ ഈ പോലീസ് നടപടികളുടെ പേരിൽ ഒന്നര വർഷത്തോളം സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കെ.എസ്.ടി.എ നേതാവായിരുന്ന അദ്ദേഹം പിന്നീട് 1991-ൽ അധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നു. ചാവക്കാട് നഗരസഭ രൂപീകരിച്ച വേളയിൽ കൗൺസിലറായും പ്രഥമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 1988-ൽ വീണ്ടും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗം എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952-ലായിരുന്നു ജനനം. ഷീലയാണ് ഭാര്യ. മാനവൻ, ഹിമവാൻ, അംഗന എന്നിവരാണ് മക്കൾ.





