മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യമായി കാരന്തൂർ മർക്കസ് സന്ദർശിച്ചു. സമസ്ത എ.പി വിഭാഗം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനായി സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം മർക്കസിലെത്തിയത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
ചടങ്ങിനിടെ എ.പി സമസ്തയുടെ ഉന്നത നേതൃത്വവുമായി സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹക്കീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ കൂടിക്കാഴ്ചയുടെ ഭാഗമായി.
സമസ്ത രണ്ടായി പിളർന്ന സാഹചര്യത്തിൽ ഇ.കെ വിഭാഗത്തിനൊപ്പമായിരുന്നു മുസ്‌ലിം ലീഗ് നിലയുറപ്പിച്ചിരുന്നത്. ആ ഭിന്നതയ്ക്ക് ശേഷം ഇന്നുവരെ എ.പി വിഭാഗം നടത്തിയ ഒരു വേദിയിലും പാണക്കാട് തറവാട്ടിൽ നിന്നുള്ള നേതാക്കൾ ഭാഗഭാക്കായിരുന്നില്ല. എന്നാൽ അടുത്തിടെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ച പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്തപുരത്തെ പിന്തുണച്ച തങ്ങൾ, സ്ത്രീകളുടെ സംരക്ഷണം മുൻനിർത്തിയുള്ളതായിരുന്നു ആ പ്രസ്താവന എന്നാണ് വിശദീകരിച്ചത്. ഈ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് എ.പി സമസ്തയുടെ വേദിയിലേക്ക് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ടെത്തിയത് എന്നത് രാഷ്ട്രീയമായി ഏറെ പ്രസക്തമാണ്.





