തിരുവനന്തപുരം:അങ്കണവാടി ജീവനക്കാരെ ഇതര വകുപ്പുകളിലെ ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്തും നടപ്പിലാക്കുന്നു. മാതൃ-ശിശു ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചുമതലകളിൽ മാത്രമായിരിക്കും ഇനി ഇവരുടെ സേവനം ഉറപ്പാക്കുക. കേന്ദ്ര സർക്കാരിന്റെ ഈ മാനദണ്ഡം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് മറ്റ് അധിക ജോലികൾ ചെയ്യിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സർവേകൾ, തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട ബി.എൽ.ഒ (BLO) ചുമതലകൾ, മറ്റ് സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് ഇനിമുതൽ അങ്കണവാടി ജീവനക്കാരെ നിയോഗിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അധിക ഉത്തരവാദിത്തങ്ങൾ നൽകുന്നത് അങ്കണവാടികളുടെ പ്രാഥമിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് ഈ തീരുമാനം. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന 'മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0' മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരിക്കുന്നത്.
ഇതര ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നത് വഴി അങ്കണവാടി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും മാതൃ-ശിശു ആരോഗ്യ, പോഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ജീവനക്കാർക്ക് സാധിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. അങ്കണവാടി ജീവനക്കാരെ ഇതര ഡ്യൂട്ടികൾക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മാതൃ-ശിശു വികസനത്തിൽ പൂർണ്ണ ശ്രദ്ധ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പോഷകാഹാര വിതരണം, അനൗപചാരിക പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ-പോഷണ ബോധവൽക്കരണങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ പരിശോധനകൾ എന്നിവയാണ് അങ്കണവാടികളുടെ മുഖ്യ ചുമതലകൾ. ഇതിനുപുറമെ, പോഷൻ ട്രാക്കർ ആപ്ലിക്കേഷനിലെ പ്രതിദിന നിരീക്ഷണം, ഹാജർ രേഖപ്പെടുത്തൽ, കുട്ടികളുടെ ശാരീരിക വളർച്ചാ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കാനും ജീവനക്കാർക്ക് നിർദ്ദേശമുണ്ട്.





