Malayali Media
Kerala

'കെ.കെ. രമ ഉന്നയിച്ച ചോദ്യം പ്രസക്തമല്ലേ? ചരിത്രപരമായ തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് പറയുമോ??'; സി.പി.ഐ.എമ്മിനെതിരെ മനു തോമസ്

14 Sept 20262 views 3 min read
'കെ.കെ. രമ ഉന്നയിച്ച ചോദ്യം പ്രസക്തമല്ലേ?  ചരിത്രപരമായ തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് പറയുമോ??'; സി.പി.ഐ.എമ്മിനെതിരെ മനു തോമസ്
Advertisement

കണ്ണൂർ: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ സംഭവിച്ച പിഴവ് സി.പി.ഐ.എം ഇപ്പോഴെങ്കിലും പരസ്യമായി തുറന്നുപറയാൻ തയ്യാറാകണമെന്ന് മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾക്കെതിരെ എതിർസ്വരമുയർത്തിയതിന്റെ പേരിൽ ടി.പിയെ ഇല്ലാതാക്കിയ ആ ചരിത്രപരമായ തെറ്റ് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് നേതൃത്വം വ്യക്തമാക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. വി.എസ്. അച്യുതാനന്ദൻ വിലയിരുത്തിയതുപോലെ ടി.പി. ചന്ദ്രശേഖരൻ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്ന് ഇനിയെങ്കിലും അംഗീകരിക്കുമോ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മനു തോമസ് ആരാഞ്ഞു.

ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന തിരുത്താൻ കഴിയാത്ത ആ തെറ്റ് കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഇനിയെങ്കിലും ഏറ്റുപറയാനുള്ള രാഷ്ട്രീയമായ ആർജ്ജവം സി.പി.ഐ.എമ്മിനുണ്ടോയെന്ന് ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ. രമ ചോദിച്ചിരുന്നു. കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു രമയുടെ ഈ ചോദ്യം. ഇതിനെ പിന്തുണച്ചുകൊണ്ടാണ് മനു തോമസിന്റെ പ്രതികരണം. കോഴിക്കോട്ട് സംഘടനാ പിഴവുകൾ തിരുത്താനും ആഭ്യന്തര ചർച്ചകൾക്കുമായി ഒത്തുകൂടുന്ന ഈ വേളയിൽ കെ.കെ. രമ ഉന്നയിച്ച വിഷയം അതീവ പ്രസക്തമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ലെനിനും ഇ.എം.എസിനും പോലും വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും അത് അവർ തുറന്നുസമ്മതിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ മനു തോമസ്, അങ്ങനെയാണെങ്കിൽ ഈ സംഭവത്തിൽ എന്താണ് ഒളിച്ചുവെക്കാനുള്ളതെന്നും ചോദിച്ചു. പാർട്ടിയുടെ വിശ്വാസ്യതയ്ക്കും സംഘടനാ ചരിത്രത്തിനും ഇത്രയധികം കളങ്കമുണ്ടാക്കിയ ആ കൊലപാതകം കോഴിക്കോട്ടെയും മലബാറിലെയും ഒപ്പം കേരളത്തിലാകെയും സി.പി.ഐ.എമ്മിനെ എന്നും വേട്ടയാടിക്കൊണ്ടേയിരിക്കും. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആ പഴയ സഖാവിന്റെ ചോരയുടെ മണം ഒരിക്കലും മാഞ്ഞുപോകില്ല. ഇന്നത്തെ ഇത്തരം സമ്മേളനങ്ങളിൽ നിങ്ങളോടൊപ്പം നേതൃനിരയിൽ ഉണ്ടാകേണ്ട വ്യക്തിത്വമായിരുന്നില്ലേ ടി.പിയെന്നും അദ്ദേഹം ചോദിച്ചു. ഉൾപ്പാർട്ടിയിലെ ആശയപരവും നയപരവുമായ തർക്കങ്ങളിൽ ആയുധമെടുത്തത് തെറ്റായിപ്പോയെന്ന് ബേബി സഖാവ് ഒരക്ഷരമെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന ഈ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് കൂടുതൽ അർത്ഥമുണ്ടാകുമായിരുന്നുവെന്നും മനു തോമസ് കൂട്ടിച്ചേർത്തു.

Advertisement

Comments

Add a Comment

Our Channels

'കെ.കെ. രമ ഉന്നയിച്ച ചോദ്യം പ്രസക്തമല്ലേ? ആ ചരിത്രപരമായ പാളിച്ച ഇനിയെങ്കിലും തുറന്നുസമ്മതിക്കുമോ?'; സി.പി.ഐ.എമ്മിനെതിരെ മനു തോമസ് | Malayali Media