തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി ദൗർലഭ്യത്തിന് അറുതിവരുത്താൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടാനൊരുങ്ങി കെ.എസ്.ഇ.ബി. ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ചകൾ നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യയിലേക്ക് തിരിക്കും. ഈ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി സമാഹരിക്കാനായാൽ നിലവിലെ കടുത്ത ക്ഷാമം മറികടക്കാൻ സാധിക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.
പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര മാർഗ്ഗങ്ങളിലേക്കാണ് ബോർഡ് നീങ്ങുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതര സംസ്ഥാനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ധാരണയായത്.
കൂടാതെ, പീക്ക് സമയങ്ങളിലെ ഉപഭോഗം മുൻനിർത്തി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി) നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനും സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാൻസ് അഡീഷണൽ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
അതേസമയം, തുടർച്ചയായ 12 ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രിയിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞത് കെ.എസ്.ഇ.ബിക്ക് ആശ്വാസമായിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ ഉപഭോഗത്തിൽ പ്രകടമായ കുറവുണ്ടായതും റിയൽ ടൈം മാർക്കറ്റിലൂടെ ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാൻ കഴിഞ്ഞതുമാണ് ഇന്നലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തുണയായത്.





