Malayali Media
Kerala

പാർലമെന്ററി വ്യാമോഹം സംഘടനയെ തകർക്കുന്നു; സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

14 Sept 20263 views 3 min read
പാർലമെന്ററി വ്യാമോഹം സംഘടനയെ തകർക്കുന്നു; സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം
Advertisement

കോഴിക്കോട്: സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച മാർഗ്ഗരേഖയിന്മേലുള്ള ഒന്നാം ദിവസത്തെ പൊതുചർച്ചകൾ സമാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കളാണ് ആദ്യദിന ചർച്ചകളിൽ സംസാരിച്ചത്; പൊതുചർച്ച നാളെയും തുടരുന്നതാണ്. പ്രസ്ഥാനവും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിടവുണ്ടായിട്ടുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ആത്മാർത്ഥമായ നടപടികൾ ഉണ്ടാകണമെന്നും നേതാക്കൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും നിർദ്ദേശങ്ങൾ ഉയർന്നു.

പാർട്ടി നേതാക്കൾക്കിടയിലെ പാർലമെന്ററി മോഹങ്ങൾ അധഃപതനത്തിന്റെ പരിധിവിട്ടുപോയെന്ന കടുത്ത വിമർശനവും ഉയർന്നു. തെരഞ്ഞെടുപ്പ് പദവികൾ നേടിയെടുക്കാൻ വേണ്ടി മാത്രമായി പാർട്ടിയിൽ തുടരുന്ന ചിലരുണ്ട്. സ്ഥാനമാനങ്ങൾ തങ്ങളുടെ മാത്രം ജന്മാവകാശമാണെന്ന് കരുതുകയും തങ്ങൾക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് അഹങ്കരിക്കുകയും ചെയ്യുന്ന പ്രവണത ശക്തമാണ്. നിബന്ധനകളും മാനദണ്ഡങ്ങളും നിശ്ചയിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ നീതിയാണ് നടപ്പാക്കുന്നതെന്നും പൊതുചർച്ചയിൽ ആക്ഷേപമുയർന്നു.

പാർട്ടി നേതൃത്വവും സാധാരണ പ്രവർത്തകരും തമ്മിലുള്ള ആത്മബന്ധവും ആശയവിനിമയവും നാൾക്കുനാൾ കുറയുകയാണെന്നും കീഴ്ഘടകങ്ങളെ കേൾക്കാൻ പോലും നേതാക്കൾ സന്നദ്ധരാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. എന്തിനെയും പുച്ഛത്തോടെ തള്ളിക്കളയുന്ന സമീപനമാണ് പല നേതാക്കൾക്കുമുള്ളത്.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് ഇന്ന് രാവിലെയാണ് കോഴിക്കോട്ട് തുടക്കമായത്. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തിയ യോഗം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംഘടനാ മാർഗ്ഗരേഖ യോഗത്തിൽ അവതരിപ്പിച്ചു. ചില തിരിച്ചടികൾ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം വിളിച്ചുചേർത്തതെങ്കിലും ഉജ്ജ്വലമായ ചരിത്രപാരമ്പര്യമുള്ള പ്രസ്ഥാനമാണിതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം എന്നിവയും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനം കൈവരിച്ച വൻ നേട്ടങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരന്തര ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags:#cpim
Advertisement

Comments

Add a Comment

Our Channels

പാർലമെന്ററി വ്യാമോഹം സംഘടനയെ തകർക്കുന്നു; സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം | Malayali Media