കോഴിക്കോട്: വലതുപക്ഷ ഭരണകൂടത്തിന്റെ വീഴ്ചകളോ ജനവിരുദ്ധ നയങ്ങളോ നൽകുന്ന രാഷ്ട്രീയ നേട്ടത്തിലൂടെ ശക്തിപ്രാപിക്കാനല്ല സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ലക്ഷ്യമിടുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗ്ഗ വിപ്ലവ പ്രസ്ഥാനമെന്ന നിലയിൽ തെളിമയോടെ മുന്നേറുന്നതിനിടയിൽ എന്തെങ്കിലും പരിമിതികളോ പിഴവുകളോ ശ്രദ്ധക്കുറവോ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തും. ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിക്കാം. അങ്ങനെ തെറ്റുകൾ തിരുത്തുമ്പോഴാണ് പ്രസ്ഥാനം പൂർണ്ണത കൈവരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികളേക്കാൾ ഭേദമാണെന്ന ചിന്തയല്ല വേണ്ടത്; വാക്ക്, പ്രവൃത്തി, ഇടപെടലുകൾ എന്നിവയിലെല്ലാം കമ്മ്യൂണിസ്റ്റുകൾ തികച്ചും വ്യത്യസ്തരായി മാറണം. കേരളം കൈവരിച്ച ഓരോ മുന്നേറ്റത്തിന് പിന്നിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യക്തമായ പങ്കുണ്ട്. ചില തിരിച്ചടികൾ പ്രസ്ഥാനത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന പശ്ചാത്തലത്തിലാണ് ഈ വിശാല യോഗമെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാർട്ടിക്കുള്ളത്. സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം എന്നിവയും കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലുകളുടെ ഫലമാണ്. അനവധി നേട്ടങ്ങൾക്കിടയിലാണ് പാർട്ടിക്ക് പിഴവുകൾ സംഭവിക്കുന്നത്. എന്നാൽ തെറ്റുകൾ തിരുത്താൻ തയ്യാറാകുമ്പോൾ അതിനെ ചിലർ പരിഹസിക്കുകയാണ്. ചരിത്രം വിസ്മരിക്കരുത്; കേരളീയ നവോത്ഥാനത്തിൽ സി.പി.ഐ.എം വഹിച്ച പങ്ക് വളരെ വലുതാണ്. 2026-ൽ വലതുപക്ഷ ധ്രുവീകരണമാണുണ്ടായത്. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലൂടെ ചേലക്കാടൻ ആയിഷയെപ്പോലുള്ളവർ പൊതുരംഗത്തേക്ക് ഉയർന്നുവന്നത് മുൻപ് ഇടതുപക്ഷം ഭരിച്ചപ്പോഴാണ്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചതായും എം.എ. ബേബി ആരോപിച്ചു. പ്രസ്ഥാനം ഒരിക്കലും തിരിച്ചുവരില്ലെന്ന് പലരും പ്രവചിച്ചപ്പോഴെല്ലാം അതിശക്തമായി തിരികെവന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. തെറ്റുകൾ മനുഷ്യസഹജമാണ്, അത് തിരുത്തി മുന്നോട്ടുപോകും. പാർട്ടിയുടെ വളർച്ച ആഗ്രഹിച്ചുകൊണ്ടുള്ള എന്ത് വിമർശനത്തെയും സ്വാഗതം ചെയ്യും.
തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ സന്നദ്ധത വേണം. ലെനിനും ഇ.എം.എസും ഉൾപ്പെടെയുള്ള മഹാരഥന്മാർ തെറ്റുകൾ പരസ്യമായി അംഗീകരിച്ചവരാണ്. തെറ്റ് തിരിച്ചറിയാനും അത് പരിഹരിക്കാനുമുള്ള ഇടപെടലുകൾ അനിവാര്യമാണ്. ജനപക്ഷത്തുനിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രസ്ഥാനം മുന്നോട്ടുപോകും. സഖാക്കളായ ബി.ടി. രണദിവെ, ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുൾപ്പെടെ പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ വിവിധ കാലഘട്ടങ്ങളിലെ ചർച്ചകളിലൂടെ തിരുത്തൽ നടപടികൾക്ക് വിധേയരായിട്ടുണ്ട്; ഇത് സംഘടനയിലാകെ ബാധകമായ പൊതുതത്വമാണ്.
പാർട്ടിക്ക് നേരിട്ട ക്ഷീണം യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിയണം. ഇതിന് പ്രധാന കാരണം എതിരാളികൾ നടത്തിയ വ്യാജപ്രതീതി നിർമ്മാണമാണ്. ഈ നുണപ്രചാരണങ്ങളെ സമയോചിതമായി തിരിച്ചറിയുന്നതിലും അവയെ കൃത്യമായി പ്രതിരോധിച്ച് പരാജയപ്പെടുത്തുന്നതിലും പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി. തെറ്റായ പ്രചാരണങ്ങൾ ജനം തനിയെ മനസ്സിലാക്കിക്കോളും എന്ന് കരുതുന്നത് ശരിയല്ലെന്നും വസ്തുതകൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ.എമ്മിന് ആർ.എസ്.എസുമായി രഹസ്യബന്ധമുണ്ടെന്ന വ്യാജകഥ ചമച്ചു. എന്നാൽ കെ.വി. സുധീഷും ഭാസ്കര കുമ്പഴയും ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ ആർ.എസ്.എസ് ക്രൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് പാർട്ടിക്കുള്ളത്. അവരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമുഖത്തുനിന്ന് രക്ഷപ്പെട്ട പി. ജയരാജൻ ഇപ്പോൾ ഈ യോഗത്തിൽ സന്നിഹിതനാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിനെ വിമർശിക്കുന്നവരെ നാല് വിഭാഗങ്ങളായി തിരിക്കാം. പാർട്ടിക്ക് യാതൊരു ദോഷവും വരാതെ നിലനിൽക്കണമെന്ന് ആഗ്രഹിച്ച് വിമർശിക്കുന്നവരാണ് ആദ്യ വിഭാഗം; അവരുടെ വാക്കുകൾ സ്വീകരിച്ച് തെറ്റുകൾ തിരുത്തണം. വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് വൈകാരികമായി പ്രതികരിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടർ; അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. പാർട്ടിയെ തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ വിമർശനം നടത്തുന്നവരാണ് മൂന്നാമത്തെ വിഭാഗം. സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടി സഖാക്കളാണ് നാലാമത്തെ കൂട്ടർ. സംഘടനാ ചുമതലകൾ നിർവ്വഹിക്കുന്നതിനൊപ്പം വിമർശനവും സ്വയംവിമർശനവും നടത്താൻ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും സംഘടനയ്ക്കുള്ളിൽ തന്നെ ഉന്നയിക്കണം; അല്ലാതെ അത്തരം ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്നും അദ്ദേഹം താക്കീത് നൽകി.
ബി.ജെ.പിയെ കേവലം അധികാരത്തിലെത്തിയ ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായി മാത്രം കാണുന്നത് അപകടകരമാണ്. അവരുടെ ഭരണത്തിന് കീഴിൽ ഭരണകൂടത്തിന്റെ പരമപ്രധാന സ്ഥാനങ്ങളിലെല്ലാം ആർ.എസ്.എസ് സ്വാധീനമുറപ്പിച്ചു. കോടതികളിൽ പോലും ഈ കടന്നുകയറ്റം പ്രകടമാണെന്നും പല വിധികളും ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെയുള്ള അഭിപ്രായപ്രകടനത്തിന്റെ പേരിൽ കോടതി അലക്ഷ്യക്കുറ്റം ചുമത്തി സുപ്രീം കോടതി വിളിപ്പിച്ചാലും നേരിട്ടെത്തി നിലപാടിൽ ഉറച്ചുനിൽക്കും. അന്വേഷണ ഏജൻസികളിലും ആർ.എസ്.എസ് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ അനന്തരഫലമാണ് കേരളത്തിൽ പാർട്ടി നേതൃത്വം ഇപ്പോൾ നേരിടുന്നത്. പിണറായി വിജയനെതിരായ ഇ.ഡി നടപടികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും എം.എ. ബേബി സംസാരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തിന്റെ മുഴുവൻ നേതാവെന്ന ഭാവത്തിലാണ് പെരുമാറുന്നത്. വെനിസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും അവിടുന്ന് പിടികൂടി അമേരിക്കയിൽ തടവിൽ പാർപ്പിച്ച ട്രംപിന്റെ ലക്ഷ്യം അവിടുത്തെ സമ്പന്നമായ എണ്ണ ശേഖരമാണ്. പിടിച്ചുപറിക്കാരനായ ഒരു തെമ്മാടിയെപ്പോലെ പെരുമാറുന്ന ട്രംപിന്റെ സമീപനം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതേസമയം അമേരിക്കയിൽ പുതിയ മംദാനിമാർ ഉയർന്നുവരുന്നുണ്ടെന്നും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള വിഭാഗങ്ങൾ രൂപപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇടതുപക്ഷത്തിനുണ്ടാകുന്ന മുന്നേറ്റങ്ങൾക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.





