തിരുവനന്തപുരം: ആറുവരിപ്പാതയിലൂടെ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). ബസുകൾ സർവീസ് റോഡുകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആറുവരിപ്പാത വഴി സർവീസ് നടത്തി യാത്രക്കാരെ ദേശീയപാതയിൽ വഴിയിലിറക്കിവിടുന്നുവെന്ന വ്യാപകമായ പരാതികളെത്തുടർന്നാണ് എം.വി.ഡി നടപടികൾ കർശനമാക്കുന്നത്.
ഹൈവേയിൽ ഇറക്കിവിടപ്പെടുന്നതുമൂലം സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും റോഡിൽ നിന്ന് പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുവെന്ന പരാതികൾ നിരന്തരം ഉയർന്നിരുന്നു. പുതിയ ആറുവരിപ്പാതയിൽ എവിടെയും വാഹനങ്ങൾ നിർത്തിയിടാനോ യാത്രക്കാരെ കയറ്റിയിറക്കാനോ അനുവാദമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പുതിയ ദേശീയപാതയിൽ ഒരിടത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലാത്തതിനാൽ സർവീസ് റോഡുകൾ ഉപയോഗിക്കാതെ ഹൈവേയിലൂടെ പോകുന്ന ബസുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് എം.വി.ഡി അറിയിച്ചിട്ടുള്ളത്.





