Malayali Media
Kerala

പിണറായി വിജയനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പടച്ചുണ്ടാക്കിയത് മാധ്യമങ്ങളല്ല; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

Admin User11 Sept 20264 views 3 min read
പിണറായി വിജയനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പടച്ചുണ്ടാക്കിയത് മാധ്യമങ്ങളല്ല; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
Advertisement

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി എന്ത് നെറികേടും കാട്ടുന്ന ഏജൻസിയായി ഇ.ഡി മാറിയെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഇവരുടെ ജോലിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിനനുസരിച്ച് പിന്നീട് ഓരോ കാര്യങ്ങളും ഉണ്ടാക്കിയെടുക്കുകയാണ് രീതി. കരുവന്നൂർ സഹകരണ ബാങ്ക് കേസ് ഇതിന് വ്യക്തമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർത്ഥ പ്രതിയെ കണ്ടെത്തി മാപ്പുസാക്ഷിയാക്കിയ ശേഷം പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെ പ്രതിപ്പട്ടികയിൽ ചേർക്കുകയാണുണ്ടായത്. എ.സി. മൊയ്തീൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെ പ്രതികളാക്കി. ഒടുവിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആരിരിക്കുന്നുവോ അവർ പ്രതിയാകുന്ന വിചിത്രമായ സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം പരിഹസിച്ചു.

സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുക മാത്രമാണ് ഇ.ഡിയുടെ യഥാർത്ഥ ലക്ഷ്യം. ഇ.ഡി എന്നത് വലിയൊരു കേന്ദ്ര ഏജൻസിയാണെന്ന മട്ടിലാണ് ഏവരും നോക്കിക്കാണുന്നത്. 1956-ൽ രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ ഈ ഏജൻസിക്ക് കാര്യമായ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും യു.പി.എ ഭരണകാലത്താണ് ഇവർക്ക് കൂടുതൽ കരുത്ത് നൽകിയതെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ പി. ചിദംബരമാണ് ഇ.ഡിക്ക് പൂർണ്ണ പിന്തുണ നൽകിയത്; ഒടുവിൽ അദ്ദേഹം തന്നെ ഇതേ ഏജൻസിയുടെ പിടിയിലായി അകത്തുപോവേണ്ടി വന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ആരെയും കസ്റ്റഡിയിലെടുക്കാനും ഇ.ഡിക്ക് അധികാരമുണ്ടെന്ന വാദം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും എം.വി. ഗോവിന്ദൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ ശതകോടികളുടെ അഴിമതി നടത്തുന്നവരാണെന്ന് ഒരു മാധ്യമപ്രവർത്തകൻ ചാനലിൽ പറയുകയുണ്ടായി. മുഖ്യമന്ത്രിയെ സ്വാധീനിച്ച് മകൾ നേടിയത് മൂന്ന് കോടി രൂപയാണെന്നും, മൂന്ന് കോടിയെന്നത് വളരെ ചെറിയ തുകയല്ലേ എന്നും ഇതേ ചാനലിൽ വാദിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം പത്രങ്ങളിൽ വരുന്നത് വാങ്ങിയത് മൂന്ന് കോടിയല്ല, ഇരുപത് കോടിയാണെന്നാണ്. പിണറായി വിജയനെന്ന നേതാവിനെ മാധ്യമങ്ങൾ എഴുതി ഉണ്ടാക്കിയതല്ലെന്ന് എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. മാധ്യമ സൃഷ്ടിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം ആവർത്തിച്ചു.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മൻചാണ്ടിയുടെയും പേരിൽ മുൻപ് കേസുകൾ നിലവിലുണ്ടായിരുന്നു. അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ ഇനി കേസെടുത്തിട്ട് അർത്ഥമില്ല. ഇപ്പോൾ സാമ്പത്തിക തിരിമറിയെന്നും ക്രിമിനൽ ഗൂഢാലോചനയെന്നും ആരോപിച്ച് വീണ്ടും കുറ്റപത്രങ്ങൾ ചമയ്ക്കുകയാണ്. പിണറായി വിജയനെയും കുടുംബത്തെയും തകർക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്; ഇപ്പോൾ അതിന്റെ ഭാഗമായി മുഹമ്മദ് റിയാസിനെയും വലിച്ചിഴയ്ക്കുന്നു. കൊടകര കുഴൽപ്പണക്കേസിൽ ഇന്നുവരെ ഒരു ഇ.ഡിയും അന്വേഷണത്തിന് എത്തിയിട്ടില്ലെന്നും, ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികൾ നേരിട്ട് ബി.ജെ.പിയിലേക്ക് മാറിയതോടെ അവർക്കെതിരെയുള്ള എല്ലാ കേസുകളും നിലച്ചെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയെ കടന്നാക്രമിക്കുകയാണ് എതിരാളികളുടെ ഉദ്ദേശ്യം; എന്നാൽ വെറും ഓലപ്പാമ്പുകളെ കാട്ടി സി.പി.ഐ.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും കടുത്ത പ്രതിസന്ധികളെ അതിജീവിച്ചുതന്നെ ഉയർന്നുവന്ന പ്രസ്ഥാനമാണ് ഇതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Tags:#MV GOVINDHAN#CPIM#ED
Advertisement

Related News

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളം പി.എം ശ്രീ പദ്ധതിയിൽ തുടരണം: സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്; ഉപസമിതിയുടെ അന്തിമ തീരുമാനം നീളും

കേരളം പി.എം ശ്രീ പദ്ധതിയിൽ തുടരണം: സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്; ഉപസമിതിയുടെ അന്തിമ തീരുമാനം നീളും

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തും

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തും

സി.എം.ആർ.എല്ലിൽ നിന്ന് കോടികൾ കൈപ്പറ്റിയവരിൽ യു.ഡി.എഫ് നേതാക്കളും; വെളിപ്പെടുത്തലുമായി കമ്പനി മുൻ സി.എഫ്.ഒയുടെ മൊഴി

സി.എം.ആർ.എല്ലിൽ നിന്ന് കോടികൾ കൈപ്പറ്റിയവരിൽ യു.ഡി.എഫ് നേതാക്കളും; വെളിപ്പെടുത്തലുമായി കമ്പനി മുൻ സി.എഫ്.ഒയുടെ മൊഴി

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി കത്തിൽ പിണറായിക്കെതിരെ തെളിവുകളില്ല; കേസെടുക്കാൻ നിയമോപദേശം നൽകുന്നതിൽ എ.ജിക്ക് ആശയക്കുഴപ്പം

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി കത്തിൽ പിണറായിക്കെതിരെ തെളിവുകളില്ല; കേസെടുക്കാൻ നിയമോപദേശം നൽകുന്നതിൽ എ.ജിക്ക് ആശയക്കുഴപ്പം

Comments

Add a Comment

Our Channels

പിണറായി വിജയനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പടച്ചുണ്ടാക്കിയത് മാധ്യമങ്ങളല്ല; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | Malayali Media