Malayali Media
Kerala

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

11 Sept 202622 views 3 min read
മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Advertisement

മലപ്പുറം: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശിയായ സുബിൻ ബാബുവാണ് ജീവനൊടുക്കാൻ തുനിഞ്ഞത്. മലപ്പുറത്തെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. ഉടൻതന്നെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഈ കേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരത്ത് മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇരുപത്താറുകാരനായ സുബിൻ ബാബു. ജോലിയില്ലാത്ത ഒഴിവുസമയങ്ങളിലാണ് ഇയാൾ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് മലബാർ മേഖലയിലെ കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ശേഖരിച്ച് മോർഫിംഗിന് ഇരയാക്കിയത്. ചിത്രങ്ങൾ രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പ്രതി ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ പന്ത്രണ്ടോളം കോളേജുകളിൽ നിന്നാണ് ഇയാൾക്കെതിരെ മോർഫിംഗ് സംബന്ധിച്ച പരാതികൾ ഉയർന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ വികൃതമാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ശ്രീഹരി എന്ന വിദ്യാർത്ഥി പോലീസ് പിടിയിലായതോടെയാണ് സമാനമായ മറ്റ് തട്ടിപ്പുകൾ പല ജില്ലകളിൽ നിന്നായി പുറത്തുവന്നത്.

കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തൃക്കാക്കര പോലീസ് അന്ന് ശ്രീഹരിക്കെതിരെ കേസെടുത്തത്. ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബി.ബി.എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയും കെ.എസ്.യു മീഡിയ കമ്മിറ്റി അംഗവുമായിരുന്നു ഇയാൾ. സംഭവത്തിന് പിന്നാലെ ഇയാളെ കോളേജിൽ നിന്നും പുറത്താക്കി. ക്യാമ്പസിലെ പരിപാടികളുടെ ഫോട്ടോകൾ സ്വന്തമാക്കി മോർഫ് ചെയ്ത് ഉണ്ടാക്കിയ അശ്ലീല ഫോട്ടോകളും ദൃശ്യങ്ങളും ടെലഗ്രാം, ഇൻസ്റ്റാഗ്രാം വഴിയും മറ്റ് ഗ്രൂപ്പുകളിലൂടെയും ഇയാൾ വൻതോതിൽ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കോളേജിൽ നടന്ന പരിപാടികളിലെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ കോളേജ് അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മർദ്ദങ്ങൾ നേരിടാൻ പ്രയാസം തോന്നുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ലൈൻ നമ്പറായ 1056-ലേക്ക് വിളിക്കൂ, സങ്കടങ്ങൾ തുറന്നുപറയൂ).

Tags:#MALAPPURAM#MORPHING CASE
Advertisement

Comments

Add a Comment

Our Channels

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Malayali Media