തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് കൈമാറിയ കത്തിൽ പിണറായി വിജയനെതിരെ കൃത്യമായ തെളിവുകളില്ലെന്ന് റിപ്പോർട്ട്. മുൻപ് കോടതി തള്ളിക്കളഞ്ഞ ബാങ്ക് രേഖകളാണ് ഇ.ഡി പ്രധാന തെളിവായി നൽകിയിട്ടുള്ളത്. വീണയുടെ ഡയറിക്കുറിപ്പുകൾ മുൻനിർത്തിയാണ് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇ.ഡി വാദിക്കുന്നത്. മുഹമ്മദ് റിയാസ് വിദേശത്തേക്ക് തുക കടത്തിയെന്ന് ആരോപിക്കുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട വസ്തുതാപരമായ തെളിവുകളൊന്നും കേന്ദ്ര ഏജൻസി കൈമാറിയിട്ടില്ല.
മതിയായ തെളിവുകളുടെ അഭാവം മൂലം കേസെടുക്കാൻ നിയമോപദേശം നൽകുന്നതിൽ അഡ്വക്കേറ്റ് ജനറൽ കടുത്ത ആശയക്കുഴപ്പത്തിലാണ്. പിണറായി വിജയനെതിരെ കേസെടുക്കാൻ എ.ജി ശുപാർശ ചെയ്തേക്കില്ലെന്നാണ് സൂചന. അതേസമയം, പി.എ. മുഹമ്മദ് റിയാസിനെതിരെ പ്രാഥമിക പരിശോധന നടത്താൻ നിർദ്ദേശിച്ചേക്കും. ഡി.ജി.പിക്ക് ലഭിച്ച കത്തിൽ പിണറായി വിജയനും റിയാസിനുമെതിരെ വെറും ആരോപണങ്ങൾ മാത്രമാണുള്ളതെന്നിരിക്കെയാണ് ഈ നീക്കം. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സുരേഷ് കുമാറിന്റെ മൊഴി ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ വിവിധ കോടതികൾ തള്ളിയതാണ്. മൂന്ന് കോടതികൾ എതിർവിധി പ്രസ്താവിച്ച വിഷയമായതിനാൽ പോലീസ് ആക്ട് പ്രകാരം കേസെടുത്താൽ തിരിച്ചടിയാകുമെന്ന് എ.ജി സർക്കാരിനെ അറിയിക്കും. ഇത് ചൂണ്ടിക്കാട്ടിയാകും പിണറായിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന ശുപാർശ എ.ജി നൽകുക.
റിയാസിന്റെ കാര്യത്തിൽ ചില ആരോപണങ്ങളും ഹസൻ വാരിസിന്റെ മൊഴിയും മാത്രമാണ് ഇ.ഡിയുടെ കത്തിലുള്ളത്; ഇതിലും വ്യക്തമായ തെളിവുകളൊന്നും നൽകിയിട്ടില്ല. എന്നാൽ, റിയാസിന്റെ വിഷയത്തിൽ മുൻ കോടതിവിധികൾ ബാധകമല്ലാത്തതിനാലാണ് പ്രാഥമിക പരിശോധനയാകാം എന്ന നിലപാടിലേക്ക് എ.ജി എത്തിയത്. സമഗ്രമായ പരിശോധനകൾക്ക് ശേഷം അടുത്ത ആഴ്ചയോടെ എ.ജി സർക്കാരിന് അന്തിമ നിയമോപദേശം കൈമാറും.





