കോഴിക്കോട്: സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി റിപ്പോർട്ട് ഉദ്ധരിച്ച് പുറത്തുവരുന്ന മാധ്യമവാർത്തകൾ പൂർണ്ണമായും നിഷേധിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. പ്രചരിക്കുന്ന വിവരങ്ങൾ തികച്ചും അസംബന്ധമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം ചമച്ച കളവാണിതെന്നും അദ്ദേഹം തുറന്നടിച്ചു. പണമിടപാടുകളുടെ വിശദാംശങ്ങൾ വീണ ടി.യുടെ കൈവശമുണ്ടായിരുന്ന ഡയറിയിലെ ഏഴ് പേജുകളിലായി കുറിച്ചിട്ടുണ്ടെന്നും തുക ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചുവെന്നും സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി അയച്ച കത്തിൽ പരാമർശമുണ്ടെന്നാണ് മലയാള മനോരമ വാർത്ത നൽകിയത്. ഇ.ഡി അന്വേഷണത്തിന്റെ പേരിൽ ചോർത്തി നൽകിയ ഇത്തരം വ്യാജ വിവരങ്ങൾ വെച്ച് ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്ന് ആഹ്ലാദിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും വിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും റിയാസ് വ്യക്തമാക്കി.
ഇ.ഡി അന്വേഷണവുമായി ബന്ധപ്പെടുത്തി പുതിയ കെട്ടുകഥകളാണ് ഇന്നത്തെ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസി ചോർത്തി നൽകിയ റിപ്പോർട്ടിൽ ഇത്തരം കാര്യങ്ങളുണ്ടെങ്കിൽ, അത് തന്നെ അപകീർത്തിപ്പെടുത്താൻ കരുതിക്കൂട്ടി പടച്ചുവിട്ട നുണകൾ മാത്രമാണ്. ആരോപിക്കപ്പെടുന്ന കാര്യങ്ങൾ വീണ ഇ.ഡിക്ക് മുൻപാകെ സമ്മതിച്ചുവെന്ന പ്രചാരണം പച്ചക്കള്ളമാണ്. ഇ.ഡി അന്വേഷണമെന്ന വ്യാജേന പുറത്തുവിട്ട അടിസ്ഥാനരഹിതമായ വിവരങ്ങളിലൂടെ മനുഷ്യരെ വേട്ടയാടുന്നവരുടെ തുള്ളൽ നടക്കട്ടെ എന്നും, ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും പി.എ. മുഹമ്മദ് റിയാസ് ആവർത്തിച്ചു.





