തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എം.എൽ.എയ്ക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന് സൂചന. പാർട്ടി തലത്തിൽ പരസ്യമായി താക്കീത് നൽകി വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. സംഭവത്തിൽ വസ്തുതാന്വേഷണം പൂർത്തിയാക്കിയ സമിതിയുടെ റിപ്പോർട്ട് വൈകാതെ നേതൃത്വത്തിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി സമിതി അധ്യക്ഷൻ എം.എം. ഹസ്സൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.
സംഘർഷത്തിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത് മുട്ടപ്പാലത്തിനെതിരെയും കർശന നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല. നിലവിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദ്, പാളയം പ്രദീപ് എന്നിവർക്കെതിരെ മാത്രമാണ് പാർട്ടി സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടുള്ളത്. നടപടികൾ ഇവരിലേക്ക് മാത്രമായി ചുരുങ്ങാനാണ് നിലവിലെ സാധ്യതകൾ.
നേരത്തെ അന്വേഷണ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ രമ്യാ ഹരിദാസ് വിമുഖത കാട്ടിയിരുന്നു. പാലക്കാടായിരുന്ന രമ്യ, അച്ചടക്ക നടപടി സംബന്ധിച്ച ചർച്ചകൾ ഉയർന്നതോടെ ചൊവ്വാഴ്ച മുതൽ മണ്ഡലത്തിൽ സജീവമാകുകയും എം.എം. ഹസ്സനെ സന്ദർശിക്കുമെന്ന് മാധ്യമങ്ങളോട് അറിയിക്കുകയും ചെയ്യുകയായിരുന്നു. കാര്യങ്ങൾ പാർട്ടി തന്നെ വ്യക്തമാക്കുമെന്നായിരുന്നു വിഷയത്തിൽ രമ്യാ ഹരിദാസിന്റെ പ്രതികരണം.
കഴിഞ്ഞയാഴ്ചയായിരുന്നു ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും അരങ്ങേറിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത എം.എൽ.എയുടെ ഔദ്യോഗിക അവലോകന യോഗത്തിൽ പേഴ്സണൽ അസിസ്റ്റന്റ് പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കങ്ങൾക്ക് വഴിമരുന്നിട്ടത്. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിലും ചില കരാറുകാർക്ക് നിർദ്ദേശങ്ങൾ കൈമാറിയതിലും പ്രാദേശിക തലത്തിൽ അതൃപ്തി ഉയർന്നിരുന്നു. ഇതിനിടെ, പ്രദീപ് യോഗത്തിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ എം.എൽ.എ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇതിനെ വിമർശിച്ചുകൊണ്ട് പ്രാദേശിക നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു.
തുടർന്ന് അന്ന് രാത്രി തന്നെ രമ്യാ ഹരിദാസും സംഘവും സജാദിന്റെ വസതിയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ഇവർ ശ്രമിച്ചതായി പരാതി ഉയർന്നു. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെയാണ് വാക്കുതർക്കം രൂക്ഷമാവുകയും ഒടുവിൽ അടിപിടിയിൽ കലാശിക്കുകയും ചെയ്തത്.





