തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ സുഹൃത്ത് ഹസൻ വാരിസ്. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനാലാണ് മുഹമ്മദ് റിയാസിനെതിരെ മുൻപ് മൊഴി നൽകേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ നൽകിയ മൊഴിക്ക് നിയമസാധുതയില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡിക്ക് സമർപ്പിച്ച പിൻവലിക്കൽ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വിശദീകരിച്ചത്. സി.എം.ആർ.എൽ നൽകിയ തുക വിദേശത്തേക്ക് കടത്താൻ മുഹമ്മദ് റിയാസിന് സഹായം നൽകിയത് ഹസൻ വാരിസ് ആണെന്നായിരുന്നു ഡി.ജി.പിക്ക് അയച്ച കത്തിൽ ഇ.ഡി ഉന്നയിച്ച പ്രധാന ആരോപണം.
കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു ഇ.ഡി തന്നെ ചോദ്യം ചെയ്തതെന്നും അന്നേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തി അതിൽ ഒപ്പുവെപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് റിയാസിൽ നിന്നോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നിന്നോ താൻ യാതൊരുവിധ പണവും വാങ്ങിയിട്ടില്ല; റിയാസ് പറഞ്ഞിട്ട് ആർക്കെങ്കിലും പണം കൈമാറിയിട്ടുമില്ല. എന്നാൽ റിയാസിനെതിരെ മൊഴി നൽകി രേഖകളിൽ ഒപ്പിട്ടില്ലെങ്കിൽ തന്റെ 22 വയസ്സുള്ള ഇളയ മകളെ കേസിൽ കുടുക്കുമെന്നും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണി മുഴക്കുകയാണുണ്ടായത്.
മകളെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും ലഭിക്കാത്ത തരത്തിൽ കാലങ്ങളോളം തടവിലിടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. 'സ്വന്തം മകളെ സംരക്ഷിക്കണോ അതോ മറ്റാരുടെയെങ്കിലും മകളെ രക്ഷിക്കണോ' എന്ന് അവർ നേരിട്ട് ചോദിച്ചു. ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുമ്പോൾ തോക്കേന്തിയ 20-ഓളം സി.ആർ.പി.എഫ് ഭടന്മാർ വീട്ടിനുള്ളിൽ നിലയുറപ്പിച്ചിരുന്നു. ഈ സമയം ഭാര്യയും മകളും ഭയം കാരണം ശബ്ദിക്കാൻ പോലുമാകാതെ നിസ്സഹായരായി നിൽക്കുകയായിരുന്നു. തുടർന്ന് നിർബന്ധപൂർവ്വമാണ് ഓഗസ്റ്റ് 18-ലെ മൊഴിപ്പകർപ്പിൽ ഒപ്പുവെപ്പിച്ചത്. നിയമോപദേശം തേടുന്നതിനായി അഭിഭാഷകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു; ഇ.ഡി നടപടികളിൽ അത്തരം നിയമസഹായങ്ങൾ അനുവദനീയമല്ലെന്നായിരുന്നു മറുപടി. സ്വമേധയാ നൽകിയ മൊഴിയല്ലാത്തതിനാൽ ഇതിന് നിയമപരമായി യാതൊരു നിലനിൽപ്പുമില്ലെന്നാണ് ഹസൻ വാരിസ് വ്യക്തമാക്കുന്നത്.





