കൊച്ചി: ലയണൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രിക്കെതിരെ വിമർശനവുമായി ഒ.ജെ. ജനീഷ്. നിലവിലെ മന്ത്രി അസത്യം പറയുന്നുവെന്ന് കുറ്റപ്പെടുത്താനല്ലാതെ അബ്ദുറഹ്മാന് മറ്റ് വഴികളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്; എന്നാൽ ആരോപണവിധേയരായ ആളുകൾക്ക് സ്വന്തം പക്ഷം ന്യായീകരിക്കാൻ ഇതല്ലാതെ മറ്റ് ഉപായങ്ങളില്ല. ആരോപണം നേരിടുന്നവരെല്ലാം ചാനൽ ചർച്ചകളിലൂടെ സത്യം തെളിയിക്കുമെന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ അന്വേഷണ ഏജൻസികളുടെ പരിശോധനയിലൂടെ നിരപരാധിത്വം വ്യക്തമാക്കാമെന്ന് ആരും പറയുന്നില്ല. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം പുരോഗമിക്കുകയാണ്; കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവരട്ടെ. കാര്യങ്ങൾ നടപ്പിലാക്കിയ നടപടിക്രമങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് പകൽപോലെ വ്യക്തമായ കാര്യമാണ്. ഇടപാടിന്റെ ഭാഗമായി വൻതോതിലുള്ള പണമിടപാടുകൾ നടന്നിട്ടുണ്ട്. ഏത് രീതിയിലാണ് സ്പോൺസറെ നിശ്ചയിച്ചതെന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജി.സി.ഡി.എയുടെ അധീനതയിലുള്ള ഭൂമി സ്വകാര്യ കോളേജിന് വിട്ടുനൽകാനുള്ള തീരുമാനത്തെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അതിനുശേഷം പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലും മന്ത്രി പ്രതികരണം നടത്തി. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര അന്വേഷണ ഏജൻസിയാണ് വിവരങ്ങൾ സർക്കാരിന് കൈമാറിയിരിക്കുന്നത്. അതിനാൽ നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





