കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിപ്പട്ടികയിലുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോടതി, പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ സെക്രട്ടറിയോട് നാളെ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്; ഇതിൽ ഇരുപത്തിയൊന്നോളം കേസുകൾ എസ്.പി ശശിധരന്റെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷിക്കുന്നത്.
രണ്ട് കേസുകളിലെ കുറ്റപത്രം അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ അന്തിമ നടപടികൾ പൂർത്തിയാകൂ. മുൻപ് ഹർജി പരിഗണിച്ച വേളയിൽത്തന്നെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കപ്പെടാത്തത് യാതൊരു കാരണവശാലും അംഗീകരിക്കാനോ അനുവദിക്കാനോ കഴിയില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ രണ്ടാഴ്ചത്തെ സാവകാശം സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നബാർഡ്, പിന്നാക്ക വികസന കോർപ്പറേഷൻ എന്നിവ വഴി അനുവദിച്ച ഗ്രാന്റുകൾ അമിത പലിശ ഈടാക്കി വിതരണം ചെയ്യുകയും സർക്കാരിനെ പറ്റിച്ച് വലിയ സാമ്പത്തിക തിരിമറി നടത്തുകയും ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തൽ.





