തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിലെ (കെ.എം.എസ്.സി.എൽ) ഗുണനിലവാര നിയന്ത്രണ (ക്വാളിറ്റി കൺട്രോൾ) വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കോർപ്പറേഷൻ മുഖേന സംഭരിച്ച് വിതരണത്തിനെത്തിച്ച മരുന്നുകളിൽ പലതിനും ആവശ്യമായ നിലവാരമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ കർശന നടപടി.
വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സമ്പൂർണ്ണ ഉത്തരവാദിത്തം ഇനി മുതൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർവഹിക്കും. ലാബ് പരിശോധനകൾ വേഗത്തിലാക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ താൽക്കാലിക നിയമനങ്ങൾ നടത്തും. കെ.എം.എസ്.സി.എൽ സംഭരിച്ച കോടിക്കണക്കിന് രൂപയുടെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് മുൻപ് പരിശോധനകളിൽ തെളിഞ്ഞിരുന്നു. നേരത്തെ കെ.എം.എസ്.സി.എൽ നേരിട്ട് വാങ്ങിയിരുന്ന മരുന്നുകളുടെ നിലവാരം പരിശോധിച്ചിരുന്നത് അവരുടെ കീഴിലുള്ള ക്വാളിറ്റി കൺട്രോൾ വിഭാഗം തന്നെയായിരുന്നു.





