കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുകളുമായി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. റിയാസിനെതിരെ നൽകിയ മൊഴി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി അത് പിൻവലിക്കാനായി അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചു.
മുഹമ്മദ് റിയാസിന്റെ പേര് ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദവും ഭീഷണിയും ചെലുത്തിയെന്നാണ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. സ്വന്തം മകളെ തടവിലാക്കുമെന്ന് ഭയപ്പെടുത്തിയാണ് മുൻപ് തയ്യാറാക്കിയ രേഖകളിൽ ഒപ്പുവെപ്പിച്ചത്. ഓഗസ്റ്റ് 18-ന് രേഖപ്പെടുത്തിയ ഈ മൊഴി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സംയുക്ത നിയമോപദേശം കാത്തിരിക്കുകയാണ്. ഡി.ജി.പിക്ക് അയച്ച ഔദ്യോഗിക കത്തിൽ 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ഇ.ഡി വ്യക്തമാക്കിയിരുന്നു. വീണ ടിയുടെയും പി.എ. മുഹമ്മദ് റിയാസിന്റെയും വിവാഹശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ മുഹമ്മദ് റിയാസ് തള്ളിക്കളഞ്ഞു. ബോധപൂർവ്വം പടച്ചുവിട്ട വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.





