മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം ഭക്ഷിച്ചാൽ രോഗങ്ങൾ മാറി അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിവന്ന വ്യാജ ആത്മീയ ചികിത്സാകേന്ദ്രം നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് അടപ്പിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ജമാലുദ്ദീൻ നടത്തിയിരുന്ന 'ജിന്ന് മഹ്ളറ' എന്ന സ്ഥാപനത്തിനെതിരെയാണ് മലപ്പുറം തിരുനാവായ കൊടക്കലിൽ പ്രതിഷേധം ഉയർന്നത്. അത്ഭുത സിദ്ധിയുണ്ടെന്ന വ്യാജേന ഒരു നേന്ത്രപ്പഴത്തിന് 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇവിടെ വിൽപന നടത്തിയിരുന്നത്. കേന്ദ്രത്തിലെ വിചിത്രമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് നാട്ടുകാർ നേരിട്ടെത്തി തട്ടിപ്പ് കേന്ദ്രം പൂട്ടിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ പോലീസിലും പരാതി നൽകി.
രോഗങ്ങൾ ഭേദമാകുമെന്ന പ്രതീക്ഷയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആയിരക്കണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായാണ് പരാതി. ജിന്നിനെ നേരിട്ട് വരുത്തി രോഗങ്ങൾ മാറ്റുമെന്നും ദുഷ്ട ജിന്നുകളുടെ ശല്യം ഒഴിവാക്കിത്തരുമെന്നും പറഞ്ഞായിരുന്നു ആളുകളെ വശീകരിച്ചിരുന്നത്.
ജിന്നിന്റെ വേഷം ധരിച്ച ഒരാളെ മുന്നിൽ നിർത്തിയാണ് ജനങ്ങളെ വിശ്വസിപ്പിച്ചുപോന്നത്. സ്പീക്കർ ബോക്സ് വഴി അറബിയിലും ഉറുദുവിലുമുള്ള സംഭാഷണങ്ങൾ കേൾപ്പിച്ച ശേഷമാണ് ജിന്ന് ഊതിയതെന്ന് അവകാശപ്പെടുന്ന പഴം ലേലം വിളിച്ച് കൈമാറിയിരുന്നത്. തൊലി കളയാത്ത ഏത്തപ്പഴം അകത്ത് രണ്ട് കഷണങ്ങളായി മുറിഞ്ഞ നിലയിൽ കാണിച്ചായിരുന്നു 'അത്ഭുത പഴം' എന്ന പേരിലുള്ള കബളിപ്പിക്കൽ. എന്നാൽ, തൊലി പുറമേ മാറ്റാതെ തന്നെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം മുറിച്ചുമാറ്റുന്ന തന്ത്രമാണ് ഇവർ പ്രയോഗിച്ചതെന്ന് വ്യക്തമായതോടെയാണ് വ്യാജ ചികിത്സാലയം പൂട്ടിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയത്.





