തിരുവനന്തപുരം: വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറിയെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ വേട്ടയാടുകയും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ ഭയപ്പെടുത്തി ബി.ജെ.പിയിലേക്ക് എത്തിക്കുകയുമാണ് ഇ.ഡിയുടെ മുഖ്യജോലി. പിണറായിയെ മൂക്കിൽ വലിച്ചുകയറ്റുമെന്നാണ് ചിലരുടെ വാദം; എന്നാൽ പിണറായി വിജയനെ വലിച്ചെടുക്കാൻ തക്ക വലിപ്പമുള്ള ഒരു മൂക്കും ഇ.ഡിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇ.എം.എസിനെപ്പോലും കള്ളനെന്ന് വിളിച്ച് അപമാനിച്ച ചരിത്രമുള്ള നാടാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാമാന്യബോധമുള്ള ഏതൊരാളും പുച്ഛിച്ചുതള്ളുന്ന ഇത്തരം ആരോപണങ്ങൾ കോടതി വരാന്തകളിൽപ്പോലും നിലനിൽക്കില്ലെന്നും, കെട്ടിച്ചമച്ച കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും ഒരുപോലെ ചെറുത്തുതോൽപ്പിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.
അതിനിടെ, ഇ.ഡി നീക്കങ്ങൾക്കെതിരെ പിണറായി വിജയന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി. പിണറായി വിജയൻ, മകൾ വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട ഇ.ഡി നടപടിയെ പോളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. വീണയ്ക്കെതിരായ അന്വേഷണം യഥാർത്ഥത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാക്കളെ ഉന്നംവെച്ച് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പതിവുശൈലിയാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി.
ഇ.ഡിയുടെ ആവശ്യത്തെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ള സ്വന്തം നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ ശക്തമായി എതിർക്കുന്ന പാർട്ടിയാണിത്. കേരളത്തിലെ ഒരു കോൺഗ്രസ് എം.എൽ.എ നേരത്തെ ഇതേ വിഷയത്തിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതാണെന്നും എന്നാൽ എല്ലാ കോടതികളും ആ ഹർജി തള്ളിക്കളഞ്ഞതാണെന്നും പോളിറ്റ് ബ്യൂറോ ഓർമ്മിപ്പിച്ചു. ആ പഴയ പരാതിയെത്തന്നെയാണ് ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്ക്കുന്നത്. ഇ.ഡിയുടെ ചട്ടുകമായി പ്രവർത്തിക്കരുതെന്ന് വി.ഡി. സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയ പാർട്ടി നേതൃത്വം, ഈ പകപോക്കൽ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പിണറായി വിജയനെ പിന്തുണച്ച് സി.പി.ഐ.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രതികരിച്ചു. പാർട്ടിയെ ഭയപ്പെടുത്തിയോ പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടിയോ ലക്ഷ്യം കാണാമെന്ന് ഇ.ഡി കരുതുന്നുണ്ടെങ്കിൽ അവർക്ക് വലിയ തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോൺഗ്രസ് എം.എൽ.എ നൽകിയ ഹർജിയിൽ രാജ്യത്തെ മൂന്ന് കോടതികൾ (വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി) തള്ളിക്കളഞ്ഞ അതേ ആരോപണത്തിൽത്തന്നെയാണ് ഇപ്പോൾ കേരള പോലീസിനെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കാൻ ഇ.ഡി ശ്രമിക്കുന്നത്. മോദി സർക്കാർ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നത് വ്യക്തമാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ തങ്ങളുടെ താല്പര്യത്തിനൊത്ത് നിൽക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്; കെ.പി.സി.സി അധ്യക്ഷൻ അതിന് തയ്യാറാണെന്ന് അറിയിച്ചുകഴിഞ്ഞു. കേരളത്തിൽ തമ്മിൽ ധാരണയിലുള്ളത് ആരൊക്കെയാണെന്ന് ഓരോ ദിവസവും കൂടുതൽ ബോധ്യപ്പെടുകയാണെന്നും, ഈ രഹസ്യ അജണ്ടകളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും എം.എ. ബേബി എക്സിൽ (X) കുറിച്ചു.





