തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം നിയന്ത്രണവിധേയമാക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണ അഭ്യർത്ഥിച്ച് കെ.എസ്.ഇ.ബി. പീക്ക് സമയങ്ങളിൽ വൈദ്യുതി ലഭ്യതയിൽ 800 മുതൽ 900 മെഗാവാട്ട് വരെയുള്ള വലിയ കുറവാണ് അനുഭവപ്പെടുന്നത്. അതിനാൽ, വൈകീട്ട് ആറുമണി മുതൽ വൈദ്യുതി ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. അപ്രതീക്ഷിത പവർകട്ടുകൾക്കെതിരെ ജനരോഷം ഉയർന്നതോടെ, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ബോർഡിന്റെ നീക്കം.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുക അസാധ്യമാണെങ്കിലും, വരുംദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സമയപരിധി ചുരുക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം, പവർകട്ട് ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് എൽ.ഡി.എഫ്. ഇതിന്റെ ഭാഗമായി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ഇന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭ്യമാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിൽ വൈദ്യുതി മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കെ.എസ്.ഇ.ബിയിൽ ഇന്ന് അടിയന്തര യോഗം ചേരും. പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് ഉയർന്നേക്കുമെന്നാണ് ബോർഡിന്റെ നിഗമനം. മഴ ലഭിക്കാതിരുന്നതും അന്തരീക്ഷത്തിൽ കനത്ത ചൂട് അനുഭവപ്പെടുന്നതുമാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ വഴിയൊരുക്കിയത്.





