തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന തുടർനീക്കങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാതെ സി.പി.ഐ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലുകളോടുള്ള പൊതു എതിർപ്പ് തുടരുമ്പോഴും, ഈ വിഷയത്തിൽ പിണറായി വിജയനെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ സി.പി.ഐ നേതൃത്വം നിലവിൽ തയ്യാറായിട്ടില്ല. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം വ്യക്തമായ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയാൽ മതിയെന്നാണ് പാർട്ടിയിലെ ധാരണ. അതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായാണ് ഇ.ഡി പ്രവർത്തിക്കുന്നത് എന്ന തങ്ങളുടെ അടിസ്ഥാന നിലപാടിൽ മാറ്റമില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു.
അതിനിടെ, ഇ.ഡി നൽകിയ ശുപാർശയുടെ പേരിൽ പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഒരുപോലെ ചെറുക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. ഇ.ഡി മുൻപും സമാനമായ കത്ത് കൈമാറിയിരുന്നെങ്കിലും അതിലെ വാദങ്ങളൊന്നും നിലനിൽക്കില്ലെന്ന് സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇ.ഡിയുടെ വേട്ടയാടലുകൾ തുരുമ്പിച്ച ആയുധം പോലെയാണ്. ഡി.ജി.പിക്ക് കൈമാറിയ ഈ കത്ത് നേരത്തെതന്നെ സർക്കാരിന്റെ മുന്നിലെത്തിയതാണ്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിനും വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധിന്യായങ്ങൾ പരിശോധിച്ചതിനും ശേഷം ആരോപണങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്ന് കണ്ടെത്തി ആ കത്ത് പൂർണ്ണമായി തള്ളിക്കളഞ്ഞതാണ്. എന്നാൽ ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ ഇ.ഡി വീണ്ടും പുതിയ കത്ത് നൽകിയിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
എന്നാൽ, തങ്ങൾ കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭരണകൂടം ഉടൻ കേസെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്യാൻ തക്കതായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. അതേസമയം, അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ച ശേഷമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സമഗ്രമായ നിയമോപദേശം ആവശ്യമാണെന്നും വിഷയത്തിൽ വിശദമായ പരിശോധനകൾ അനിവാര്യമാണെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.





