തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സംസ്ഥാന സർക്കാർ കേസ് എടുത്താൽ ഉടനടി നിയമനടപടികളുമായി കോടതിയെ സമീപിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നീക്കം. ഇക്കാര്യത്തിൽ പ്രമുഖ അഭിഭാഷകരിൽ നിന്ന് പാർട്ടിയുടെ നേതൃത്വത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ മുൻപ് തള്ളിക്കളഞ്ഞ ആരോപണങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
അതേസമയം, സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കത്തിൻമേൽ സർക്കാർ വേഗത്തിൽ കേസെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളെല്ലാം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യക്തമായ സാക്ഷിമൊഴികളുണ്ടെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കുന്നു. 'വീണയിൽ നിന്നും കണ്ടെടുത്ത ഡയറിയിലെ സാമ്പത്തിക വിവരങ്ങൾ നിർണ്ണായകമാണ്. മുഹമ്മദ് റിയാസിന്റെ സഹായത്തോടെ കൈക്കൂലിപ്പണം വിദേശത്തേക്ക് കടത്തിയെന്നതും പ്രധാനപ്പെട്ട കണ്ടെത്തലാണ്. വരുമാന പരിധിക്ക് പുറത്ത് 20 കോടിയിലേറെ രൂപ വീണ കൈകാര്യം ചെയ്തിട്ടുണ്ട്; അതിനാൽ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണം' എന്നാണ് ഇ.ഡിയുടെ ആവശ്യം. കേസ് എടുക്കുന്നതിൽ വീഴ്ചവരുത്തിയാൽ അത് തെളിവ് നശിപ്പിക്കലായി കാണുമെന്നും, നടപടി വൈകിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡി.ജി.പിക്കായിരിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ രണ്ട് നിർണ്ണായക ഉത്തരവുകളും കത്തിനൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാദമായ ഇടപാടിൽ നടപടി ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും ജനപ്രതിനിധിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര പരാമർശങ്ങളാണ് ഇതിലുള്ളത്. മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നു. ഈ തുക മുഹമ്മദ് റിയാസ് സുഹൃത്തുക്കളും വീണയും മുഖേന ദുബായിലേക്ക് കടത്തിയെന്നും പറയുന്നുണ്ട്. അവിഹിത പണം വാങ്ങുന്നതിനും അത് നാടുകടത്തുന്നതിനും വീണ തന്റെ പിതാവായ പിണറായി വിജയനെയും പങ്കാളിയായ റിയാസിനെയും പിന്തുണച്ചു. ഈ ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചുവെന്നും സി.എം.ആർ.എൽ എം.ഡി പണം നൽകിയെന്നും മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ സഹായങ്ങൾ ചെയ്തുകൊടുത്തുവെന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവർ പണം സ്വീകരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും റിയാസിനെയും സഹായിച്ചതായും കത്തിൽ വ്യക്തമാക്കുന്നു.
ഇ.ഡി നൽകിയ ശുപാർശയിൽ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം നിയമവിദഗ്ദ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാലുടൻ വിഷയം ആഭ്യന്തരമന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. വിശദമായി പരിശോധിച്ച ശേഷമേ വിഷയത്തിൽ സർക്കാർ തുടർതീരുമാനമെടുക്കൂ എന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇ.ഡിയുടെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഒരുപോലെ ചെറുക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. കേന്ദ്ര ഏജൻസിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അതിനെ പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വെറുമൊരു കത്തിനൊന്നും വലിയ പ്രസക്തിയില്ലെന്നും യു.ഡി.എഫ് ഭരണകൂടം എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ലക്ഷ്യമിട്ടുള്ള വേട്ടയാടലുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികളൊന്നും അതിനായി വളർന്നിട്ടില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയും രംഗത്തെത്തിയിട്ടുണ്ട്. ഇ.ഡിയുടെ രാഷ്ട്രീയ വേട്ട തുരുമ്പിച്ച ആയുധമാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെയും കുറ്റപ്പെടുത്തി.





