മലപ്പുറം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയെ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ലെന്നും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് സെക്രട്ടറി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തലക്കാട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി. അബ്ദുറഹ്മാൻ.
കായിക വകുപ്പ് സെക്രട്ടറി നൽകിയ രണ്ട് റിപ്പോർട്ടുകളിലും ഒട്ടും സത്യസന്ധതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങൾ പുകമറയ്ക്കുള്ളിലാക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ കായിക മന്ത്രിയുടെ കമ്പ്യൂട്ടർ പരിശോധിച്ചാൽ എല്ലാ വിവരങ്ങളും വ്യക്തമായി ലഭിക്കുമെന്നിരിക്കെ, മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ രേഖകളെല്ലാം അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) പരിശോധിക്കാൻ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചൈനയിൽ നിന്നും പണം കൈപ്പറ്റിയ ശേഷം കളിക്കാനെത്താമെന്ന് വാഗ്ദാനം നൽകി അർജന്റീന വഞ്ചിച്ചിട്ടുണ്ടെന്ന് വി. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. സമാനമായി കേരളത്തിൽ നിന്നും തുക വാങ്ങി അവർ കബളിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലാൻഡ് കോടതിയിൽ കേസ് നടന്നുവരികയാണ്. മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഇതിന് പിന്നിലെ വസ്തുതകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും വി. അബ്ദുറഹ്മാൻ വ്യക്തമാക്കി.





