തിരുവനന്തപുരം: സംഘടനാ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി മുന്നോട്ടുപോയ രമ്യാ ഹരിദാസ് എം.എൽ.എയുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടിയിൽ നിന്നും പുറത്താക്കിയ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യാ ഹരിദാസ് നിയമസഭാ സെക്രട്ടേറിയറ്റിന് കത്ത് സമർപ്പിച്ചതിലാണ് സ്പീക്കറുടെ വിയോജിപ്പ്. തനിക്കോ തന്റെ ഓഫീസിനോ ഇത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയെ ഇത്തരം തർക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് എം.എൽ.എയെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
സ്പീക്കറുടെ കാര്യാലയത്തെ അനാവശ്യ വിവാദങ്ങളുടെ ഭാഗമാക്കാൻ അനുവദിക്കില്ലെന്നും, ഓഫീസിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രമ്യാ ഹരിദാസ് ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും തന്റെ കർശന നിലപാട് അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരത്തിൽ കത്ത് നൽകിയത് ഒട്ടും ശരിയായ രീതിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും തുറന്നടിച്ചു. രമ്യാ ഹരിദാസ് അപേക്ഷ നൽകിയ തീയതി പരിശോധിക്കുമെന്നും, ചിറയിൻകീഴിൽ അരങ്ങേറിയ പരസ്യമായ തമ്മിലടി പ്രസ്ഥാനത്തിന് നാണക്കേടാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു വ്യക്തിയും പാർട്ടി ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്നാണ് വിഷയത്തിൽ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചത്. ഒരു വ്യക്തിയെ പാർട്ടി മാറ്റിനിർത്തിയാൽ അവർ പുറത്തുതന്നെയാണ്. സംഘടനാപരമായ അച്ചടക്കനടപടി സ്വീകരിച്ചാൽ അത് നടപടി തന്നെയാണ്. എം.എൽ.എയോ എം.പിയോ മന്ത്രിയോ ആരായാലും പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിധേയമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിനിടെ, രമ്യാ ഹരിദാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് രംഗത്തെത്തി. ജനങ്ങളെയും പ്രസ്ഥാനത്തെയും പ്രവർത്തക സമൂഹത്തെയും എം.എൽ.എ പരസ്യമായി അവഹേളിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജിർ കുറ്റപ്പെടുത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്ന സുപ്രധാന പദവി വഹിക്കാൻ രമ്യ ഒട്ടും യോഗ്യയല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.





