തിരുവനന്തപുരം: പാളയം പ്രദീപിനെ സ്വന്തം പേഴ്സണൽ സ്റ്റാഫിൽ തിരുകിക്കയറ്റാൻ രമ്യാ ഹരിദാസ് എം.എൽ.എ നടത്തിയ അവിഹിത നീക്കം തിരിച്ചടിയിൽ. പ്രദീപിനെ മുൻകാല പ്രാബല്യം നൽകി പേഴ്സണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലേക്ക് എം.എൽ.എ കത്ത് സമർപ്പിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ രമ്യ നൽകിയ കത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളിക്കളഞ്ഞു.
പ്രദീപിന് നിയമനം നൽകണമെന്ന ആവശ്യവുമായി ഇന്നാണ് രമ്യാ ഹരിദാസ് അപേക്ഷ നൽകിയത്. മേയ് 21 മുതൽ നിയമനത്തിന് പ്രാബല്യം നൽകണമെന്നതായിരുന്നു കത്തിലെ പ്രധാന ആവശ്യം. എന്നാൽ നിയമനങ്ങളിൽ മുൻകാല പ്രാബല്യം നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഈ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് രമ്യയുടെ കത്ത് സ്പീക്കർ മടക്കിയത്. മുൻപും പാളയം പ്രദീപിനായി രമ്യാ ഹരിദാസ് നടത്തിയ വഴിവിട്ട ഇടപെടലുകളാണ് ഒടുവിൽ ചിറയിൻകീഴിലെ സംഘർഷത്തിലും കയ്യാങ്കളിയിലും ചെന്നെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിൽ കടുത്ത വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായത്. എം.എൽ.എയും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും സംബന്ധിച്ച ഔദ്യോഗിക യോഗത്തിൽ രമ്യയുടെ വിശ്വസ്തനായ പാളയം പ്രദീപ് പങ്കെടുത്തതായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. പ്രദീപ് യോഗത്തിൽ ഇരിക്കുകയും നിർമ്മാണ കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിൽ പ്രാദേശിക നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പ്രദീപ് യോഗത്തിലിരിക്കുന്ന ദൃശ്യങ്ങൾ എം.എൽ.എ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതോടെ, ഇതിനെതിരെ പ്രാദേശിക നേതാവായ സജാദ് ഗ്രൂപ്പിൽ ചോദ്യങ്ങളുയർത്തി. തുടർന്ന് രാത്രി വൈകി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വസതിയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ നിർബന്ധപൂർവ്വം വായിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് കൂട്ടായ്മയുടെ അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തിയതോടെ രംഗം വഷളാവുകയും അടിപിടിയിൽ അവസാനിക്കുകയുമായിരുന്നു.





