തിരുവനന്തപുരം: ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളിൽ പാർട്ടി പ്രവർത്തകർ സംബന്ധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് അനൂപ് വി.ആർ. കുട്ടികളിലൂടെ വീടുകളിലേക്ക് സംഘപരിവാർ അജണ്ടകളും കാഴ്ച്ചപ്പാടുകളും കടത്തിവിടാൻ സാംസ്കാരിക സംഘടനയുടെ വേഷംകെട്ടി സമർത്ഥമായി ഇടപെടുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അങ്ങനെയൊരു സംഘടനയുടെ വേദികളിൽ കോൺഗ്രസ് പ്രവർത്തകർ ഭാഗഭാക്കാകുന്നത് പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കും സംഘടനാപരമായ അച്ചടക്കത്തിനും കടകവിരുദ്ധമാണ്. ആരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള തെറ്റായ നിലപാടുകൾ ഉണ്ടായാലും അത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അനൂപ് വ്യക്തമാക്കി.
അനൂപ് വി ആറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :
സംഘപരിവാർ ഒരു സംഘടനയുടെ പേരല്ല. അത് അതിതീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി പ്രവത്തിക്കുന്ന ഒരു കൂട്ടം സംഘടനകളുടെ സമാഹാരം ആണ്. കേരളത്തിൽ കുട്ടികളിലേക്കും , കുട്ടികളിൽ കൂടി കുടുംബങ്ങളിലേക്കും സംഘപരിവാർ ആശയങ്ങൾ എത്തിക്കാൻ സമർഥമായി പ്രവത്തിക്കുന്ന സാംസ്കാരിക മുഖമുള്ള സംഘപരിവാർ സംഘടനയാണ് ബാലഗോകുലം . അതിൻ്റെ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസുകാരൻ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനും സംഘടനാ അച്ചടക്കത്തിനും നിരക്കാത്തത് ആണ്. അത്തരം കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലാ. ഇത്തരം പ്രവൃത്തികൾ ആത്യന്തികമായി ഉപകാരപ്പെടുന്നത് സംഘപരിവാറിന് മാത്രമായിരിക്കും. ഇതിനോടകം സംഘപരിവാറിൻ്റെ നേതാക്കൾ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഉപയോഗപ്പെടുത്തിയിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ഇക്കാര്യത്തിൽ, ചുരുങ്ങിയത് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കാതിരിക്കാനുള്ള നടപടിയെങ്കിലും എടുക്കണം എന്ന് ബഹുമാനപ്പെട്ട KPCC പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.





