തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ വസ്തുതകൾ മറച്ചുവെച്ചുവെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണ ടി.യോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് ഉത്തരവ് നൽകിയത്. വരുന്ന ഒക്ടോബർ 15-ന് ഇരുവരും കോടതിയിൽ നേരിട്ടെത്തണമെന്നാണ് സമൻസിൽ വ്യക്തമാക്കിയിരിക്കുന്നത്. റിയാസിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് നെയ്യാറ്റിൻകര പി. നാഗരാജ് ഫയൽ ചെയ്ത ഹർജിയിലാണ് ഈ കോടതി നടപടി.
ബേപ്പൂർ മണ്ഡലത്തിൽ നിന്നും ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടിയ സമയത്ത്, പങ്കാളിക്ക് ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളുമായി കരാറുകളോ ബിസിനസ് പങ്കാളിത്തമോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് കൃത്യമായ വിവരം രേഖപ്പെടുത്തിയില്ലെന്നാണ് പ്രധാന ആക്ഷേപം. വീണയുടെ വരുമാന സ്രോതസ്സുകളിൽ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെയും കുടുംബത്തിന്റെയും ആകെ സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണമെന്നാണ് നിലവിലെ ചട്ടം. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹർജിയിലെ ആക്ഷേപങ്ങളിൽ വിശദീകരണം തേടുന്നതിനായി റിയാസിനെയും വീണയെയും കോടതി വിളിച്ചുവരുത്തുന്നത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നാഗരാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസെടുക്കാൻ കോടതി വിസമ്മതിച്ചിരുന്നു; തുടർന്നാണ് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലേക്ക് നീങ്ങിയത്.





