തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃവീട്ടിനുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിനിയും നഴ്സുമായി ജോലി ചെയ്തിരുന്ന മിനു (37) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. വിദേശത്ത് ജോലി ചെയ്യുകയാണ് മിനുവിന്റെ ഭർത്താവായ ജിബിൻ. ഭർത്താവിന്റെ അമ്മയോടൊപ്പമായിരുന്നു മിനു താമസിച്ചിരുന്നത്. അപകടം നടക്കുന്ന വേളയിൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഇളയ മകന് അസുഖം ബാധിച്ചതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിക്ക് കൂട്ടായി മിനുവും ആശുപത്രിയിൽ തങ്ങിയിരുന്നു. തുടർന്ന് ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തി മിനു വീട്ടിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് ദാരുണമായ സംഭവം നടക്കുന്നത്.
വീടിനകത്തു നിന്നും പുക പുറത്തേക്ക് വരുന്നത് കണ്ട അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് വീടിനുള്ളിൽ എത്തിയപ്പോഴേക്കും മിനു മരണപ്പെട്ടിരുന്നു. യുവതിയും ഭർതൃമാതാവും തമ്മിൽ മുൻപ് യാതൊരുവിധ കുടുംബകലഹങ്ങളോ അസ്വാരസ്യങ്ങളോ നിലനിന്നിരുന്നില്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





