മലപ്പുറം: കാന്തപുരം വിഷയവുമായി ബന്ധപ്പെട്ടുയർന്ന വാദപ്രതിവാദങ്ങൾ അതിരുലംഘിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതവിശ്വാസങ്ങളെ മുൻനിർത്തിയുള്ള പരിഹാസങ്ങളും വിമർശനാത്മക നിലപാടുകളും ഒരുതരത്തിലും ഗുണകരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്വേഷം പടർത്തുന്ന പ്രചാരണങ്ങളിൽ നിന്നും എല്ലാവരും പിന്മാറണം. മാനുകൾ തമ്മിലടിക്കുമ്പോൾ ചോരയൂറ്റിക്കുടിക്കാൻ ചെന്നായ്ക്കൾ കാത്തിരിപ്പുണ്ടെന്ന മുന്നറിയിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സാദിഖലി തങ്ങൾ ഓർമ്മിപ്പിച്ചു. ദീർഘകാലത്തെ പ്രതിരോധങ്ങളിലൂടെ നാം ഒരു ജനതയെന്ന നിലയിൽ സ്വായത്തമാക്കിയ സംസ്കാരത്തിന് കോട്ടം വരുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ ചർച്ചകൾ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :
കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകര്‍ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോള്‍ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്.
വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകള്‍കൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്.
ഒന്നോര്‍ക്കുക, മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സംഘട്ടനങ്ങള്‍ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനില്‍ക്കാം. വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം.





