കൊച്ചി: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ രമ്യാ ഹരിദാസിനെതിരെ പരിഹാസക്കുറിപ്പുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. 'എന്തുകൊണ്ടാണ് യു.ഡി.എഫ് തരംഗമുണ്ടായിട്ടും ആലത്തൂരിൽ തോൽവിയുണ്ടായത്, അതിനുള്ള മറുപടി ഇപ്പോൾ കിട്ടിയല്ലോ' എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. എം.എൽ.എയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു റിജിലിന്റെ ഈ വിമർശനം. ഈ പ്രതികരണത്തിന് പിന്നാലെ രമ്യാ ഹരിദാസിനെതിരായ നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും തമ്മിലായിരുന്നു രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയും നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള അണിയറ നീക്കങ്ങൾ പുരോഗമിക്കുന്നതായാണ് സൂചന. പാർട്ടി തലത്തിലുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. നിയമനടപടികൾ മുന്നോട്ടുപോകുന്നത് രമ്യാ ഹരിദാസിന് വലിയ തിരിച്ചടിയാകുമെന്നാണ് പൊതുവിലയിരുത്തൽ. രമ്യ നിലവിൽ എം.എൽ.എ ആയതുകൊണ്ടുതന്നെ അവരെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സമീപനം പാർട്ടിക്കും വലിയ തലവേദന സൃഷ്ടിക്കും. എന്നിരുന്നാലും സംഘടനാ തലത്തിൽ കർശനമായ നടപടികൾ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി നിയമപ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന. നിലവിൽ സംഭവം അന്വേഷിക്കുന്ന സമിതി തന്നെയായിരിക്കും ഇതിനായി മുൻകൈയെടുക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലം എന്നിവർക്കെതിരെ സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്നും, രമ്യാ ഹരിദാസിന് പാർട്ടി തലത്തിൽ താക്കീത് നൽകാൻ തീരുമാനിച്ചേക്കുമെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.





