കോട്ടയം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ മുൻ എംപി രമ്യ ഹരിദാസിനെ രൂക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്ത്. നാടൻപാട്ടിന് പകരം നാടൻ തല്ലിലേക്ക് തിരിയുന്നത് അത്ര ഭംഗിയുള്ള കാര്യമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാട്ടുപാടുന്നതുപോലെ അത്ര ലളിതമല്ല സ്വന്തം പാർട്ടിയിലുള്ളവരെ ഒപ്പം നിർത്തി കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും വിഷയത്തിൽ രമ്യ ഹരിദാസിനെ ലക്ഷ്യമിട്ട് വിമർശനമുന്നയിച്ചിരുന്നു. പേര് എടുത്തുപറയാതെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'യുഡിഎഫ് അനുകൂല തരംഗമുണ്ടായിട്ടും ആലത്തൂരിൽ എന്തുകൊണ്ടാണ് തോൽവിയുണ്ടായതെന്ന ചോദ്യത്തിനുള്ള മറുപടി ഇപ്പോൾ വ്യക്തമായല്ലോ' എന്നായിരുന്നു റിജിലിന്റെ കുറിപ്പ്.
അതേസമയം, ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അച്ചടക്കനടപടി കൈക്കൊണ്ടു. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ തോതിൽ മങ്ങലേൽപ്പിച്ച സംഭവമാണെന്ന് വിലയിരുത്തിയ നേതൃത്വം, കെപിസിസി ജനറൽ സെക്രട്ടറി സജാദ്, രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ മേൽനോട്ടത്തിൽ നടന്ന പ്രത്യേക അന്വേഷണത്തിന് പിന്നാലെയാണ് പാർട്ടി ഈ നടപടിയിലേക്ക് കടന്നത്.
തർക്കത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉയർന്നതോടെയാണ് നേതൃത്വം അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്. ഫോൺ വഴിയാണ് എം.എം. ഹസൻ രമ്യ ഹരിദാസിന്റെ വിവരണം കേട്ടത്. കൂടാതെ സജാദ്, പാളയം പ്രദീപ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം തുടങ്ങിയ നേതാക്കളുടെയും മൊഴികൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നേതാക്കൾക്കെതിരെ അച്ചടക്കവാൾ വീശിയത്.
സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ കേസെടുത്ത കമ്മീഷൻ, സ്വീകരിച്ച തുടർനടപടികളെക്കുറിച്ച് ഒരാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും (ഡിജിപി) കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വസതിയിൽ വെച്ചായിരുന്നു സംഘർഷമുണ്ടായത്. പ്രാദേശിക നേതൃത്വം തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി രമ്യ ഹരിദാസും, തന്നെ എംഎൽഎ മർദ്ദിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും പരസ്പരം ആരോപിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വിശദീകരണങ്ങളും പുറത്തുവിട്ടിരുന്നു.





