കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. എസ്.എച്ച്.ഒ അടക്കമുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തു. അജ്മൻ, നിസാർ, ധനേഷ്, രജിത്ത് എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. സെപ്റ്റംബർ രണ്ടിനായിരുന്നു സുജിത്ത് ജയൻ എന്ന യുവാവിന് പോലീസിൽ നിന്നും അതിക്രൂരമായ മർദ്ദനമേറ്റത്.
കാലടി സ്വദേശിയായ സുജിത്ത് കഴിഞ്ഞ ദിവസമാണ് എസ്.പിക്ക് രേഖാമൂലം പരാതി സമർപ്പിച്ചത്. സെപ്റ്റംബർ 2-ന് ഉച്ചയ്ക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവാവ് വ്യക്തമാക്കിയത്. വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നനാക്കി നിർത്തിയെന്നും, ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിലിടിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. മർദ്ദിച്ച പോലീസുകാരുടെ പേരുകൾ സഹിതമാണ് ഇയാൾ പോലീസിന് പരാതി നൽകിയത്.
സെപ്റ്റംബർ രണ്ടിന് സുജിത്തിനെ സ്വന്തം വസതിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കൾക്കെതിരെ നിലവിലുള്ള ക്രിമിനൽ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ സ്റ്റേഷനിലെത്തിച്ച ശേഷം കേസിനെക്കുറിച്ച് യാതൊന്നും ചോദിച്ചില്ലെന്നും, പേരും ജാതിയും മാത്രം ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിയ ശേഷം മൃഗീയമായി ഉപദ്രവിക്കുകയായിരുന്നുവെന്നും സുജിത്ത് വ്യക്തമാക്കി. ഉച്ചയ്ക്ക് 12:30-ന് സ്റ്റേഷനിലെത്തിച്ച തന്നെ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെ നിരന്തരം മർദ്ദിച്ചുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. കാലുകൾ അകത്തി നിർത്തിച്ച് ബൂട്ടിട്ട് ജനനേന്ദ്രിയത്തിൽ ചവിട്ടിയെന്നും ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്കെതിരെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട ചെറിയ പെറ്റി കേസുകൾ പോലും നിലവിലില്ലെന്ന് സുജിത്ത് ചൂണ്ടിക്കാട്ടി. അൻവർ സാദത്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെത്തുടർന്നാണ് ഒടുവിൽ ഇയാളെ കസ്റ്റഡിയിൽ നിന്നും വിട്ടയച്ചത്. സുജിത്തിനെതിരെ എഫ്.ഐ.ആർ ഇട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയുണ്ടായിരുന്നില്ല. പോലീസ് വിട്ടയച്ചതിന് പിന്നാലെ ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിച്ച് ചികിത്സ തേടുകയായിരുന്നു.





