തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവത്തിൽ കർശന അച്ചടക്ക നടപടിയുമായി കെപിസിസി. രമ്യാ ഹരിദാസിന്റെ സഹായിയായ പാളയം പ്രദീപ്, കെപിസിസി ജനറൽ സെക്രട്ടറി സജാദ് എന്നിവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ ഈ നിർണ്ണായക തീരുമാനം. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയുടെ സൽപ്പേരിന് സംഭവം വലിയ കളങ്കമുണ്ടാക്കിയെന്ന് സമിതി കണ്ടെത്തിയിരുന്നു.
വിവാദത്തിൽ നേരിട്ട് ഇടപെട്ട എം.എം. ഹസ്സൻ നേതൃത്വം നൽകിയ സമിതി, രമ്യാ ഹരിദാസ് അടക്കമുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഫോൺ വഴിയാണ് രമ്യാ ഹരിദാസ് സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയത്. ഇതിനുപുറമെ പാളയം പ്രദീപ്, സജാദ്, പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലം എന്നിവരുൾപ്പെടെയുള്ളവരിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പരസ്പരവിരുദ്ധമായ വാദങ്ങൾ ഉയർന്നതോടെ രൂപീകരിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തലുകൾക്ക് ഒടുവിലാണ് അച്ചടക്കവാൾ വീശിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വസതിയിൽ വെച്ചായിരുന്നു രമ്യാ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലുള്ള തർക്കവും സംഘർഷവും അരങ്ങേറിയത്. പ്രാദേശിക നേതാക്കൾ ചേർന്ന് തന്നെ മർദ്ദിച്ചതായി രമ്യ ആരോപിച്ചപ്പോൾ, എംഎൽഎ തന്നെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും പരാതിപ്പെട്ടു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് രമ്യാ ഹരിദാസ് വിശദീകരിച്ചത്. കോൺഗ്രസ് പ്രവർത്തകർ രണ്ടു ചേരികളായി മത്സരിച്ചതിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നെന്നും താൻ ഇരുപക്ഷത്തോടും ഒത്തുപോയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ രമ്യാ ഹരിദാസിന്റേത് വെറും നാടകമാണെന്നും തന്റെ കൈ പിടിച്ച് തിരിച്ച ശേഷം ബഹളം വെക്കുകയായിരുന്നുവെന്നും സജിത്ത് പ്രതികരിച്ചു. എംഎൽഎയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലെത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട്ടുകാരനായ പാളയം പ്രദീപ് മണ്ഡലത്തിലെ കാര്യങ്ങളിൽ ഇടപെടുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും വഴിവെച്ചതെന്നും സജിത്ത് ആരോപിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ രമ്യാ ഹരിദാസിനൊപ്പം പാളയം പ്രദീപ് പങ്കെടുത്തത് പ്രാദേശിക നേതാക്കളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സജാദ് ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. ഇതേക്കുറിച്ച് സംസാരിക്കാൻ എംഎൽഎയും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തിയ വിവരമറിഞ്ഞ് സജിത്ത് അടക്കമുള്ളവർ അവിടെയെത്തുകയും വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. സംഭവത്തെ തുടർന്ന് രമ്യാ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.





