തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവത്തിൽ കുടുംബം ഉന്നയിച്ച ഗുരുതര പരാതിയിൽ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി നിർദ്ദേശം നൽകി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ചികിത്സാ ഘട്ടത്തിലാണോ സൂചി കുട്ടിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയതെന്നും ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പ്രത്യേകമായി പരിശോധിക്കും.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടപടികൾ തുടങ്ങിയിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയോടും മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചികിത്സാ പിഴവുകൾ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ ഒരു സാധ്യതയുമില്ലെന്നാണ് ആഭ്യന്തര റിപ്പോർട്ടിലെ വിശദീകരണം. എന്നാൽ ഈ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് കുടുംബം രംഗത്തെത്തി. ആശുപത്രി അധികൃതർ ഇത്തരമൊരു നിലപാടെടുക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് വിനീഷ് പ്രതികരിച്ചു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് അധികൃതർ എത്തിയതെന്നും, ആശുപത്രിയുടെ അനാസ്ഥ തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്തത്. തുടർന്ന് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം പരാതിപ്പെടുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സുള്ള കുഞ്ഞിനാണ് ഈ ദുരനുഭവം ഉണ്ടായത്. ജനനസമയത്ത് തന്നെ ശരീരത്തിലെ അസ്വസ്ഥതകൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി കുട്ടി കടുത്ത വേദന അനുഭവിക്കുകയും ശരീരത്തിൽ വീക്കം കാണപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കുട്ടിയുടെ ജനനം. പ്രസവത്തിന് പിന്നാലെ പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും മാറ്റിയ ശേഷമാണ് ശരീരത്തിൽ അസ്വാഭാവിക തടിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്ന് കുടുംബം ആരോപിക്കുന്നു.
തടിപ്പ് കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വിവരമറിയിച്ചപ്പോൾ സ്കാനിംഗിൽ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണുണ്ടായത്. എന്നാൽ വീക്കം ഉണ്ടായിരുന്ന ഭാഗത്ത് അവർ സ്കാനിംഗ് നടത്തിയിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായതെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും കൂടിയതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തി പുറത്തെടുത്തത്.





