കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജുമായി ബന്ധപ്പെട്ട ചിത്ര മോർഫിംഗ് കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതി ശ്രീഹരി സ്വന്തം കുടുംബാംഗങ്ങളുടെ അടക്കമുള്ള ഫോട്ടോകൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. നിർമ്മിച്ച ചിത്രങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ നാലഞ്ചുപേർ മാത്രം അടങ്ങുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഏത് മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചിത്രങ്ങൾ കൃത്രിമമായി നിർമ്മിച്ചതെന്ന് പോലീസ് സൈബർ വിഭാഗം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകൾ കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയ കമ്മീഷണർ, കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
ഏറ്റവും പുതിയ ഐഫോൺ മോഡലുകളാണ് പ്രതികൾ ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. പ്രധാനമായും ടെലഗ്രാം വഴിയായിരുന്നു ഈ മോർഫ് ചിത്രങ്ങളുടെ വ്യാപക പ്രചാരണം. കോളേജ് മാഗസിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവ പങ്കാളിത്തമുള്ള വിദ്യാർത്ഥിയാണ് ശ്രീഹരി. അന്വേഷണത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നതിനാൽ ചില കാര്യങ്ങൾ ഈ ഘട്ടത്തിൽ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. മലപ്പുറത്തും കോട്ടയത്തും രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുള്ള കേസുകളുമായി കൊച്ചിയിലെ സംഭവത്തിന് നിലവിൽ നേരിട്ടുള്ള ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ഇതര കോളേജുകളിൽ ഇതേ സംഘം പ്രവർത്തിച്ചതായി വിവരമില്ലെന്നും വിദ്യാർത്ഥികളും മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ പ്രധാന സൂത്രധാരൻ മലപ്പുറം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയാണെന്നാണ് ശ്രീഹരി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. നിലവിൽ ഒളിവിൽ പോയിട്ടുള്ള ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഘത്തിൽ കോളേജിലെ വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. പതിനായിരത്തോളം ആളുകളുള്ള ഒരു വലിയ ടെലഗ്രാം ഗ്രൂപ്പിലേക്കാണ് ചിത്രങ്ങൾ ഇവർ പങ്കുവെച്ചത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ വ്യക്തികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചന.





