കണ്ണൂർ: തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പിണറായി വിജയൻ മുന്നോട്ടുവെച്ച നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജൻ. സ്വതന്ത്രവും തുറന്നതുമായ ചർച്ചകൾ നടത്താനാണ് നേതൃത്വം അണികളോട് നിർദ്ദേശിച്ചതെന്നും, മനസ്സിൽ നിലനിന്നിരുന്ന സംശയങ്ങളും ആശങ്കകളുമാണ് പ്രവർത്തകർ തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു വിശദമായ പ്രക്രിയ നടന്നതുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയുടെ രേഖ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ലെന്നും കേന്ദ്ര കമ്മിറ്റി രേഖയെ മുൻനിർത്തി തെറ്റുകളും കുറവുകളും അനുചിതമായ പ്രവണതകളും കണ്ടെത്താനുള്ള ഉൾപ്പാർട്ടി ചർച്ചകൾ നടന്നുകഴിഞ്ഞുവെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്‌കാസ്റ്റ് പരമ്പരയിലൂടെ സംസാരിക്കവെ ജയരാജൻ അഭിപ്രായപ്പെട്ടു.
അനഭിലഷണീയമായ പ്രവണതകളിൽ അകപ്പെട്ടവർ പാർട്ടിക്കുള്ളിൽ ഉണ്ടെങ്കിൽ അവ കൃത്യമായി പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. ആ തിരുത്തൽ പ്രക്രിയ പാർട്ടിയിൽ ഇനിയും മുൻപോട്ടുപോകുമെന്നും, ചേരാനിരിക്കുന്ന വിപുലമായ സംസ്ഥാന സമിതി യോഗം അതിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അണികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് തെറ്റുകൾ തിരുത്തുക മാത്രമാണ് പാർട്ടിക്ക് മുന്നോട്ടുപോകാനുള്ള പോംവഴി. രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷം പിന്നാക്കം പോയിട്ടുണ്ടെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞതിന് പിന്നിലെ ഒരു കാരണം വർഗ്ഗീയ ശക്തികളുടെ പരസ്പര സഹായമാണെന്ന് വ്യക്തമാക്കിയ ജയരാജൻ, രണ്ടാമത്തെ ഘടകം ഇടതുപക്ഷം സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും വിശദീകരിച്ചു. വികസന നേട്ടങ്ങൾ കൊണ്ടുവന്നതുകൊണ്ട് മാത്രം ജനങ്ങളിൽ രാഷ്ട്രീയമായ മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നിവർക്കൊപ്പം നിൽക്കുന്ന ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കും പാർട്ടിയെ പിന്തുണയ്ക്കുന്നവർക്കും ഇടയിലുണ്ടായ തെറ്റിദ്ധാരണകളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയതെന്നായിരുന്നു പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന വിശദീകരണ യോഗങ്ങളിൽ പിണറായി വിജയൻ വാദിച്ചിരുന്നത്.





