തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിൽ അണികൾക്ക് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി മുന്നോട്ടുവെച്ച വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനങ്ങളല്ല തെറ്റ് തിരുത്തേണ്ടതെന്നും, പാർട്ടി സ്വയം തിരുത്തുമെന്നും പോരായ്മകൾ പരിഹരിക്കാൻ പാർട്ടി സന്നദ്ധമാണെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം, സി.പി.ഐ.എം വിശാല സംസ്ഥാന സമിതി യോഗത്തിലെ വിവരങ്ങൾ യാതൊരു കാരണവശാലും മാധ്യമങ്ങൾക്ക് ചോർന്നുപോകരുതെന്ന് നേതൃത്വം കർശന താക്കീത് നൽകിയിട്ടുണ്ട്. ചർച്ചകൾ പുറത്തുപോയാൽ പ്രതിനിധികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വിമർശനങ്ങളും സ്വീകരിക്കുന്ന തീരുമാനങ്ങളും സംസ്ഥാന സമിതിക്ക് ഉള്ളിൽത്തന്നെ ഒതുങ്ങണം; പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.
തളിപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലായിരുന്നു പിണറായി വിജയൻ അണികളെ വിമർശിച്ചത്. 'നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിച്ചത് എന്താണെന്ന് ഗൗരവമായി ചിന്തിക്കണം' എന്നായിരുന്നു പിണറായിയുടെ വാക്കുകൾ. തോൽവിയെ അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും, ആരെ വിശ്വസിച്ചാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. സംഭവിച്ച തെറ്റുകൾ ഇപ്പോഴെങ്കിലും തിരുത്താൻ സഖാക്കൾ തയ്യാറാകണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പിണറായി വിജയന്റെ ഈ വിശദീകരണങ്ങൾക്കെതിരെ സി.പി.ഐ.എമ്മിനുള്ളിൽത്തന്നെ കടുത്ത അതൃപ്തി പുകയുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പിണറായി നടത്തിയ പരാമർശങ്ങൾ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കടകവിരുദ്ധമാണെന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിനെ പരസ്യമായി ചോദ്യം ചെയ്യുന്ന സമീപനമാണ് പിണറായിയുടേതെന്ന് ഒരുവിഭാഗം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിലയിരുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിലും ഈ വിഷയത്തിൽ കടുത്ത അമർഷമുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ വീഴ്ചകൾ കേന്ദ്ര കമ്മിറ്റി അക്കമിട്ട് നിരത്തിയിട്ടും അത് അംഗീകരിക്കാൻ പിണറായി തയ്യാറാകാത്തതിലാണ് ഇവർക്ക് എതിർപ്പുള്ളത്. തോൽവിയുടെ ഉത്തരവാദിത്തം അണികളുടെ മേൽ കെട്ടിവെച്ച് സംസാരിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.





