തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നിലെ നിജസ്ഥിതി വ്യക്തമാക്കി രമ്യ ഹരിദാസ് എം.എൽ.എ. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിന് അടിസ്ഥാനമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് ചേരിയായി തിരിഞ്ഞാണ് മത്സരിച്ചത്.
ഈ വിഷയത്തിൽ കെ.പി.സി.സിക്ക് പരാതി സമർപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളോടും താൻ അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇരുപക്ഷത്തെയും വിളിച്ച് അനുനയ ചർച്ചകൾ നടത്തിയെങ്കിലും വിട്ടുവീഴ്ചയില്ലാത്ത കടുംപിടുത്തത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് രമ്യ വ്യക്തമാക്കി. ഒരു ജനപ്രതിനിധി എന്ന പദവിയിലിരുന്ന് പക്ഷംപിടിക്കുന്നത് ശരിയല്ലാത്തതിനാൽ ഇരുവിഭാഗവും സംഘടിപ്പിച്ച കൺവെൻഷനുകളിൽ നിന്ന് താൻ വിട്ടുനിൽക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വാട്‌സാപ്പ് വഴി തനിക്കെതിരെ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ പോലും സാധിക്കാത്ത വിധം മോശമായ പദപ്രയോഗങ്ങളുണ്ടായി. സജിത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കങ്ങൾ നടന്നത്. വിഷയത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി കൈമാറിയിട്ടുണ്ട്. കൂടാതെ ഷാഫി പറമ്പിൽ എം.പി, സുധീർ ഷാ പാലോട് എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരെയും സംഭവങ്ങൾ ബോധ്യപ്പെടുത്തി. പാർട്ടി നേതൃത്വം കൃത്യമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താൻ നേരിടുന്നത്. സജിത്തും വിശ്വനാഥനും നിർബന്ധിച്ചതുകൊണ്ടാണ് കുറിപ്പിട്ടതെന്ന് സജാദ് തന്നോട് ഇന്നലെ തുറന്നുപറഞ്ഞിരുന്നു. സജാദ് സ്നേഹത്തോടെ ക്ഷണിച്ചിട്ടാണ് താൻ വീട്ടിലെത്തിയത്. മാസങ്ങളായി ആസൂത്രണം ചെയ്ത ഗൂഢനീക്കമാണിത്. ആഭ്യന്തരവകുപ്പ് മന്ത്രിയിൽ നിന്ന് നീതിയുക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ട്. സജാദിന്റെ മകളെക്കൊണ്ട് ആരും കുറിപ്പ് വായിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. തങ്ങൾ സംസാരിക്കുന്നതിനിടയിലേക്ക് സജിത്ത് അതിക്രമിച്ചു കയറിവരികയായിരുന്നു. അപ്പോൾ തന്റെ ഭാഗത്തുനിന്നുണ്ടായത് തികച്ചും സ്വാഭാവികമായ പ്രതികരണം മാത്രമാണ്. താൻ എം.പിയായിരുന്ന കാലം മുതൽക്കൊണ്ട് തന്റെ സ്റ്റാഫംഗമായി പ്രവർത്തിക്കുന്നയാളാണ് പാളയം പ്രദീപെന്നും രമ്യ വിശദീകരിച്ചു.
അതേസമയം, ചിറയിൻകീഴിൽ നേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയതിൽ അന്വേഷണം നടത്താൻ കെ.പി.സി.സി തീരുമാനിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ രമ്യ ഹരിദാസിന്റെ പരാതിയിന്മേലാണ് നടപടി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേൾക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ പാർട്ടി ചുമതലപ്പെടുത്തും. നേതാക്കളുടെ പരസ്യമായ തമ്മിലടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഇരുപക്ഷത്തിന്റെയും പരാതികളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എം.എൽ.എ നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് നടപടി. സജാദും ഭാര്യയും നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരുടെയും മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയ ശേഷമാകും എഫ്.ഐ.ആറിന്റെ തുടർനടപടികൾ സ്വീകരിക്കുക.





