Malayali Media
Kerala

'വഹിക്കുന്ന പദവിയുടെ ഔന്നത്യം വിസ്മരിക്കുന്നു'; അധ്യാപക ദിനത്തിൽ വൈസ് ചാൻസലർമാർക്കെതിരെ ആഞ്ഞടിച്ച് റോജി എം. ജോൺ

05 Sept 20261 views 3 min read
'വഹിക്കുന്ന പദവിയുടെ ഔന്നത്യം വിസ്മരിക്കുന്നു'; അധ്യാപക ദിനത്തിൽ വൈസ് ചാൻസലർമാർക്കെതിരെ ആഞ്ഞടിച്ച് റോജി എം. ജോൺ
Advertisement

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനങ്ങളെ നയിക്കുന്നവർ തങ്ങൾ വഹിക്കുന്ന ഉന്നത പദവിയുടെ മഹത്വവും ഉത്തരവാദിത്തവും മറന്നുപ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ പരിപാടികളിലേക്ക് ഇത്തരം വ്യക്തികൾ ചുരുങ്ങിപ്പോകുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. അധ്യാപന വൃത്തിയുടെയും വിദ്യാഭ്യാസ മേഖലയുടെയും അടിസ്ഥാന മൂല്യങ്ങളെത്തന്നെയാണ് ഇത്തരം പ്രവണതകൾ ചോദ്യം ചെയ്യുന്നതെന്നും അധ്യാപക ദിനാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ റോജി എം. ജോൺ വ്യക്തമാക്കി.

റോജി എം ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്റെ നന്മയിൽ വിശ്വസിച്ച, തന്റെ ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിക്കാൻ ആവശ്യപ്പെട്ട ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി Dr. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണയിൽ ഇന്ന് അധ്യാപക ദിനം നമ്മൾ ആചരിക്കുകയാണ്.

നാലു ചുമരുകൾക്കുള്ളിലെ അക്ഷരക്കൂട്ടങ്ങൾക്കപ്പുറം വിശാലമായ ലോകത്തെ ക്ലാസ്സ്മുറിയാക്കി മാറ്റിയ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനും വിശ്വഭാരതിയും മുതൽ, അവസാന ശ്വാസം വരെ യുവമനസ്സുകളോട് സംവദിച്ച്, ഒരു അധ്യാപകനായി മാത്രം മണ്ണോടുചേരാൻ കൊതിച്ച APJ അബ്ദുൽ കലാം ഉൾപ്പടെയുള്ളവർ സ്വപ്നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണ് തലമുറകൾക്ക് പകർന്ന് നൽകിയത്. ക്ലാസ് മുറികൾക്കകത്തും പുറത്തും ചിന്തയുടെ കൊടുങ്കാറ്റ് വിതച്ച സാഗരഗർജനം സുകുമാർ അഴീക്കോടും, കാവ്യഭാഷ കൊണ്ട് വിസ്മയം തീർത്ത ONVയും, ചരിത്രത്തെ ഹൃദയത്തോട് ചേർത്ത് MGS നാരായണനും, അക്ഷരങ്ങളെ ആത്മാവോട് ചേർത്തുവെച്ച പ്രൊഫ. M ലീലാവതിയും, അങ്ങനെ അങ്ങനെ പ്രൗഢഗംഭീരമായ ആ ശ്രേണി കേരളത്തിലും തുടർന്നു. ഇവരൊക്കെയും ചോദിക്കാനും, കലഹിക്കാനും, തിരുത്താനും, തിരുത്തിക്കാനുമുള്ള ആർജവമാണ് പകരാൻ ശ്രമിച്ചത്. അതേസമയം തന്നെ ഹൃദയവിശാലതയും മനുഷ്യത്വവുമാണ് പഠിപ്പിക്കാൻ ശ്രമിച്ചത്.

ഒരു സ്റ്റാഫ് റൂമിനകത്തിരുന്ന് ഒരു വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും ആക്ഷേപിച്ചും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചവർ അധ്യാപനം എന്നതിന്റെ അന്തഃസത്ത തിരിച്ചറിയാതെ പോയവരാണ്. മാനവികതയുള്ള മനുഷ്യരെ ക്ലാസ്മുറികളിൽ നിന്ന് നിർമിച്ചെടുക്കലാണ് അധ്യാപനത്തിന്റെ ഉത്തരവാദിത്വമെന്ന് അവർ തിരിച്ചറിയാതെ പോയി. തലമുറകളെ വിവേചനമില്ലാതെ ചേർത്തുപിടിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഓരോ അധ്യാപകന്റെയും പ്രഥമ ചുമതലയെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാവണം ഈ ദിനം.

സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി, ഭരണഘടനാ മൂല്യങ്ങളെയും മാനവികതയെയും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ 

Tags:#roji m john
Advertisement

Related News

തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി; പിന്നിൽ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അടങ്ങുന്ന സംഘം

തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി; പിന്നിൽ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അടങ്ങുന്ന സംഘം

ചിറയിൻകീഴ് കോൺഗ്രസ് സംഘർഷം: രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്; ഇരുവിഭാഗങ്ങൾക്കുമെതിരെ നടപടിയുമായി പോലീസ്

ചിറയിൻകീഴ് കോൺഗ്രസ് സംഘർഷം: രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്; ഇരുവിഭാഗങ്ങൾക്കുമെതിരെ നടപടിയുമായി പോലീസ്

ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കെ.പി.സി.സി;

ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കെ.പി.സി.സി;

വിവാഹത്തിന് എച്ച്.ഐ.വി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ എന്താണ് തെറ്റ്? സ്ത്രീവിരുദ്ധരെ ന്യായീകരിക്കാൻ വിഷയം സാമാന്യവൽക്കരിക്കുന്നുവെന്ന് 'ദീപിക' മുഖപ്രസംഗം

വിവാഹത്തിന് എച്ച്.ഐ.വി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ എന്താണ് തെറ്റ്? സ്ത്രീവിരുദ്ധരെ ന്യായീകരിക്കാൻ വിഷയം സാമാന്യവൽക്കരിക്കുന്നുവെന്ന് 'ദീപിക' മുഖപ്രസംഗം

തൃശൂർ കയ്പമംഗലത്ത് 8 പേർ മരിച്ച വാഹനാപകടം: കാരണം ഹൈസ്പീഡ് ട്രാക്കിലെ അലക്ഷ്യമായ ലോറി പാർക്കിംഗെന്ന് പോലീസ്

തൃശൂർ കയ്പമംഗലത്ത് 8 പേർ മരിച്ച വാഹനാപകടം: കാരണം ഹൈസ്പീഡ് ട്രാക്കിലെ അലക്ഷ്യമായ ലോറി പാർക്കിംഗെന്ന് പോലീസ്

Comments

Add a Comment

Our Channels

'വഹിക്കുന്ന പദവിയുടെ ഔന്നത്യം വിസ്മരിക്കുന്നു'; അധ്യാപക ദിനത്തിൽ വൈസ് ചാൻസലർമാർക്കെതിരെ ആഞ്ഞടിച്ച് റോജി എം. ജോൺ | Malayali Media