കോഴിക്കോട്: നഗരത്തിലെ ആറുവരി ദേശീയപാതയിലൂടെ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ബസിന്റെ അപകടകരമായ യാത്ര. കോഴിക്കോട് ബൈപ്പാസിലൂടെ ആറ് കിലോമീറ്ററോളം ദൂരമാണ് ബസ് വൺവേ തെറ്റിച്ച് എതിർദിശയിലൂടെ സർവീസ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കെ.എസ്.ആർ.ടി.സിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസാണ് രാമനാട്ടുകരയ്ക്ക് അരികെയുള്ള മേൽപ്പാലത്തിലൂടെ അപകടകരമാം വിധം തെറ്റായ ട്രാക്കിലൂടെ ഓടിച്ചത്. ഗുരുതരമായ ഈ ട്രാഫിക് നിയമലംഘനത്തിനാണ് ഉദ്യോഗസ്ഥർക്കെതിരെ എം.വി.ഡി നടപടിയെടുക്കുന്നത്. പ്രസ്തുത ദിവസം ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സമാനമായ രീതിയിൽ നിയമം ലംഘിച്ച് സർവീസ് നടത്തിയ ഒരു സ്വകാര്യ ബസിനെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചിരുന്നു.
ആറുവരി ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ അപകടകരമായി പാഞ്ഞ 'കൃതിക' എന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തുകയും, നിയമലംഘനം കാട്ടിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.





