കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ ഉപരോധസമരം നടത്തിയ സംഭവത്തിൽ 17 എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിദ്യാർത്ഥികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടക്കാല ഉത്തരവ്. ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി വിഷയത്തിൽ പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ 17 വിദ്യാർത്ഥികളുടെയും മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് 13-ന് ക്യാമ്പസിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗൗരവതരമായ കുറ്റകൃത്യങ്ങളൊന്നും ഉൾപ്പെട്ടിരുന്നില്ലെന്നും, എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വി.സി സിസാ തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാമതും എഫ്.ഐ.ആർ ഇട്ടത് നിയമവിരുദ്ധമാണെന്നും വിദ്യാർത്ഥികൾ ഹർജിയിൽ വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് കാലടി പോലീസ് പ്രാരംഭത്തിൽ ചുമത്തിയ കേസിൽ വി.സിയെ ശാരീരികമായി ആക്രമിച്ചെന്ന ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന ആരോപണം തീർത്തും വാസ്തവവിരുദ്ധമാണെന്നും, തിയേറ്റർ പഠന വകുപ്പിലെ തകരാറിലായ ലൈറ്റുകളാണ് പ്രതീകാത്മകമായി സംസ്കരിച്ചതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളോടുള്ള പ്രതികാരബുദ്ധിയോടെയാണ് കള്ളക്കേസുകൾ എടുത്തതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അതിനാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിന്റെ യാതൊരു ആവശ്യവുമില്ലെന്നാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ വാദം. ബിരുദ സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നതടക്കമുള്ള 18 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്യാമ്പസിൽ വിദ്യാർത്ഥി സമരം തുടരുന്നത്.





