തിരുവനന്തപുരം: ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ശുപാർശ. ഇക്കാര്യം വ്യക്തമാക്കി എക്സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് ഔദ്യോഗിക കത്ത് നൽകി. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച കരിങ്കട ജോസിക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ജോസിയുടെ പ്രവർത്തനങ്ങൾ കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതാണെന്നും അതിനാൽ 1988-ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 12 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നടപടിയെടുക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ബാറുകളിലെ പരിശോധനകൾക്കായി എക്സൈസ് കമ്മീഷണർ കോട്ടയം ജില്ലയിലെത്തിയ വേളയിലാണ് ഡെപ്യൂട്ടി കമ്മീഷണർ നടത്തിവന്ന നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവന്നത്. ഡെപ്യൂട്ടി കമ്മീഷണർ പതിവായി ബാറുകളിൽ നിന്ന് മാസപ്പടി പിരിച്ചിരുന്നതായും കണ്ടെത്തി. ഇത്തരത്തിൽ ബാറുകളിൽ നിന്ന് പണം പിരിച്ചുനൽകാൻ ഒരു ബാർ മാനേജരെയാണ് ഇയാൾ ചുമതലപ്പെടുത്തിയിരുന്നത്.
മിന്നൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ബാർ മാനേജരെ ചോദ്യം ചെയ്തുകൊണ്ടിരിക്കെയാണ് മാനേജരുടെ മൊബൈലിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ വിളി വന്നത്. എക്സൈസ് കമ്മീഷണർ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോണിലൂടെ ഡെപ്യൂട്ടി കമ്മീഷണർ നിർദ്ദേശം നൽകുകയായിരുന്നു. ഈ ഫോൺ സംഭാഷണം എക്സൈസ് കമ്മീഷണർ നേരിട്ട് റെക്കോർഡ് ചെയ്യുകയും ചെയ്തു. തുടർന്ന് മാനേജരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം, ഈ നിർണ്ണായക തെളിവുകൾ മുൻനിർത്തി അശോക് കുമാറിന്റെ വസതിയിൽ റെയ്ഡ് നടത്തി.
മാസപ്പടി കേസിൽ അശോക് കുമാറിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളാണ് അദ്ദേഹത്തിന് കനത്ത കുരുക്കായത്. ഫോണിലെ വിവരങ്ങൾ മായ്ച്ചുകളഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഡിജിറ്റൽ സാങ്കേതിക പരിശോധനയിൽ കുറ്റകൃത്യം തെളിയുകയും ഇയാൾക്ക് കുറ്റം സമ്മതിക്കേണ്ടതായും വന്നു. പണത്തിന് പുറമെ ബാറുകളിൽ നിന്ന് മദ്യക്കുപ്പികളുമായി ഉദ്യോഗസ്ഥർ മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുടരന്വേഷണത്തിൽ അശോക് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങളാണ് വെളിച്ചത്തുവന്നത്. ആളുകളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ സ്ഥിരം രീതിയായിരുന്നുവെന്നാണ് ഉയർന്ന പരാതി. വൻതുക കൈക്കൂലി നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം നൽകും.
മറ്റ് പരിധികളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ തന്റെ റേഞ്ചിലേക്ക് കൊണ്ടുവന്ന് കേസെടുക്കുന്നതും ഇയാളുടെ പതിവായിരുന്നു. തുടർന്ന് ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാൻ വലിയ തുക കൈക്കൂലിയായി ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ പ്രതികളുടെ ബന്ധുക്കളെക്കൂടി കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുമെന്നതടക്കം ഗുരുതരമായ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
എക്സൈസ് വകുപ്പിലെ സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ രംഗത്തെത്തിയിരുന്നു. ചെറിയ അളവിലുള്ള ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവർക്കെതിരെ കടുത്ത കേസുകൾ ചുമത്തുകയും, എന്നാൽ വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്താൽ കേസെടുക്കാതെ ഒതുക്കിത്തീർക്കാൻ വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഇത്തരം അനധികൃത ഇടപാടുകൾക്ക് വഴങ്ങാത്ത കീഴുദ്യോഗസ്ഥരെ ഇയാൾ നിരന്തരം വേട്ടയാടിയിരുന്നതായും വിവരമുണ്ട്. ഇതിനുപുറമെ, ഹരിപ്പാട് നിന്ന് വൻതുക കൈക്കൂലി വാങ്ങി രണ്ട് സുപ്രധാന ഫയലുകൾ ഇയാൾ നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.





