കോഴിക്കോട്: സമസ്ത എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നയം അസന്ദിഗ്ദ്ധമായി വ്യക്തമാക്കണമെന്ന് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്. ഇത്തരം സുപ്രധാന വിഷയങ്ങളിൽ പാർട്ടി നേതൃത്വത്തിന്റെ സമീപനം തികച്ചും സുതാര്യവും വ്യക്തവുമായിരിക്കണമെന്നും യുവതലമുറയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള വിരുദ്ധ സന്ദേശങ്ങൾ നൽകരുതെന്നും അവർ അഭിപ്രായപ്പെട്ടു.
മുതിർന്ന തലമുറയോടും യുവതലമുറയോടും വെവ്വേറെ നിലപാടുകൾ സ്വീകരിക്കുന്നത് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെത്തന്നെ അപകടത്തിലാക്കുമെന്നും പുതിയ തലമുറയ്ക്കിടയിൽ ഉണ്ടാകുന്ന അനിശ്ചിതത്വം തന്നെ ഏറെ അസ്വസ്ഥയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ സമൂഹം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ വിഷയത്തിൽ ലീഗ് നേതൃത്വം നിശബ്ദത പാലിക്കുകയോ അവ്യക്തത പുലർത്തുകയോ ചെയ്യരുത്; മറിച്ച്, സ്വന്തം നിലപാട് അണികളോടും പൊതുസമൂഹത്തോടും പൂർണ്ണ ഉത്തരവാദിത്തത്തോടെ തുറന്നുപറയേണ്ട സമയമാണിത്. ഒരു പ്രസ്ഥാനത്തിലേക്ക് പുതുതലമുറ കടന്നുവരുമ്പോൾ അവർക്കാവശ്യം ആശയക്കുഴപ്പമല്ല, കൃത്യമായ ദിശാബോധമാണ്. സംഘടനയുടെ ഭാവിയെ കരുതി നിർവ്വഹിക്കേണ്ട ഏറ്റവും വലിയ ബാധ്യതയാണതെന്നും നൂർബിന റഷീദ് ഓർമ്മിപ്പിച്ചു.
ഒരു മതപണ്ഡിതൻ എന്ന നിലയിൽ കാന്തപുരത്തിന് ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നതിൽ തർക്കമില്ലെന്ന് അവർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ചിന്തകളോട് യോജിക്കുന്നതുപോലെ തന്നെ അതിനോട് വിയോജിക്കാനും മറ്റുള്ളവർക്ക് തുല്യാവകാശമുണ്ട്. എന്നാൽ വ്യക്തിയെ കടന്നാക്രമിക്കാതെ, ഉയർന്നുവരുന്ന അഭിപ്രായഭിന്നതകളെ ജനാധിപത്യപരമായ സംവാദങ്ങളിലൂടെ നേരിടാൻ സാധിക്കുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പക്വതയാണ് നമുക്കാവശ്യമെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.





