തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അഴിച്ചുവിട്ട ലാത്തിച്ചാർജ്ജിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നതെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയെയും സർവ്വകലാശാലകളെയും ആർ.എസ്.എസിന് മുന്നിൽ പൂർണ്ണമായി അടിയറവ് വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാർത്ഥി സമൂഹത്തെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയും തല്ലിച്ചതച്ചും വരുതിയിലാക്കാമെന്നാണ് മുഖ്യമന്ത്രിയും യു.ഡി.എഫും കരുതുന്നതെങ്കിൽ, എസ്.എഫ്.ഐയുടെയും ഈ നാടിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും സമരചരിത്രം അവർക്ക് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് കരുതേണ്ടത്. അത് മനസ്സിലാക്കുന്നത് ഇവർക്ക് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനെ സുഖിപ്പിക്കാനുള്ള വ്യഗ്രതയിലാണ് വി.ഡി. സതീശൻ സർക്കാരെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സർവ്വകലാശാലകളെ ആർ.എസ്.എസിന് കാഴ്ചവെക്കുന്ന ദുരവസ്ഥയിലേക്കാണ് നാട് പോകുന്നത്. വന്ദേമാതരത്തെ എതിർക്കുന്ന വിദ്യാർത്ഥികളെ തല്ലിയൊതുക്കാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ആർ.എസ്.എസിനെ സന്തോഷിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്; ഇതോടെ ഉന്നത വിദ്യാഭ്യാസ മേഖല പൂർണ്ണമായും ആർ.എസ്.എസിന്റെ തട്ടകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോടും അദ്ദേഹം വിയോജിപ്പ് വ്യക്തമാക്കി. നാടിന്റെ പൊതുവായ പുരോഗമന മുന്നേറ്റങ്ങളെ തകർക്കുന്ന നിലപാടുകൾ ആര് സ്വീകരിച്ചാലും സി.പി.ഐ.എം അതിനോട് യോജിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്നത് സ്ത്രീ-പുരുഷ സമത്വമാണ്. ലോകശ്രദ്ധയാകർഷിച്ച കുടുംബശ്രീ മുന്നേറ്റത്തിന് തുടക്കമിട്ട നാടാണ് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പകുതിയോളം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. ആധുനിക കേരളത്തിന്റെ ചിന്താഗതികൾക്ക് ഒട്ടും നിരക്കാത്ത വാക്കുകളാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച തർക്കങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മുന്നണിയിലെ മുഖ്യ കക്ഷികൾ സി.പി.ഐ.എമ്മും സി.പി.ഐയുമാണെന്നും, ഇത്തരം വിഷയങ്ങളിൽ ചെറിയ പ്രശ്നങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉയർന്നുവന്നാൽ അത് ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.





