തിരുവനന്തപുരം: നിർദ്ദേശിക്കപ്പെടുന്നവരുടെ പട്ടിക കൈമാറുന്ന മുറയ്ക്ക് വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള നിയമന നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയകാര്യ സമിതിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോർപ്പറേഷൻ തലങ്ങളിലെ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മാർഗ്ഗരേഖ രൂപീകരിക്കാൻ പ്രത്യേക സമിതിയെ ഉടൻ തന്നെ ചുമതലപ്പെടുത്തും. എത്രയും വേഗത്തിൽ തന്നെ മുഴുവൻ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ധാരണ.
ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും അദ്ധ്യക്ഷ-അംഗ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിനെതിരെ മുൻപ് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിൽ യു.ഡി.എഫ് ഘടകകക്ഷികൾക്കുമപ്പുറം കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത അമർഷം പുകഞ്ഞിരുന്നു. ഇതിനുപുറമെ, ഭരണരംഗത്തെ ഈ മെല്ലെപ്പോക്കിനെതിരെ പ്രതിപക്ഷവും കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി സഹായിച്ച ശക്തികൾക്ക് പങ്കുവെക്കാനായി തസ്തികകൾ ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുൻമന്ത്രി പി. രാജീവ് ആരോപിച്ചിരുന്നു. ആ കേന്ദ്രങ്ങളിൽ നിന്നുള്ള പേരുകൾ ലഭ്യമാകാത്തതാണ് നിയമന ഉത്തരവുകൾ വൈകാൻ ഇടയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാന പദവികളിൽ ആളില്ലാത്ത സാഹചര്യം വെൽഫെയർ ബോർഡുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലെ ഈ പ്രതിസന്ധിയിലൂടെ മുന്നണിക്കുള്ളിലെ ഭിന്നതയും ചേരിപ്പോരുമാണ് മറനീക്കി പുറത്തുവരുന്നതെന്നും പി. രാജീവ് വ്യക്തമാക്കിയിരുന്നു.





