ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി ശ്രീ ഗോകുലം ഗോപാലൻ രംഗത്ത്. സ്വന്തം സമുദായത്തെ വഞ്ചിച്ച് സമ്പാദിച്ച പണമല്ല തന്റെ കൈവശമുള്ളതെന്നും, വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തിലാണ് താൻ എല്ലാം പടുത്തുയർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ ജനങ്ങൾ പൂർണ്ണമായും തനിക്കെതിരാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് തടയാൻ കോടതിയിൽ പോയി സ്റ്റേ വാങ്ങിയത്. ഒരുകാലത്ത് ഈഴവരുടെ ഈശ്വരനാണ് വെള്ളാപ്പള്ളിയെന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ഇത്രയധികം ദുഷ്ടചിന്തയുള്ള ആളാണ് അദ്ദേഹമെന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും എസ്.എൻ.ഡി.പി യോഗം പീതവിപ്ലവ സമിതിയുടെ അവകാശ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെ വെള്ളാപ്പള്ളി നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് എന്തിനാണെന്ന് ഗോകുലം ഗോപാലൻ ചോദിച്ചു. എല്ലാ മേഖലകളിലും മുസ്ലിം സമൂഹത്തെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം അവരെത്തന്നെ തള്ളിപ്പറയുന്ന രീതിയാണ് വെള്ളാപ്പള്ളിയുടേത്. അദ്ദേഹം വലിയ ബുദ്ധിമാനും തന്ത്രജ്ഞനുമാണെങ്കിലും ആ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നില്ല; മറിച്ച് നാടിന് ദോഷകരമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. മാവേലിക്കരയിലെ എൻജിനീയറിങ് കോളേജിന് വെള്ളാപ്പള്ളി നടേശന്റെ പേരായിരുന്നു നൽകിയിരുന്നത്. സംസ്കാരശൂന്യനായ ഒരാളുടെ പേര് ആ സ്ഥാപനത്തിൽ നിന്ന് മാറ്റിയെടുക്കാൻ മാത്രം 60 കോടി രൂപ താൻ ചെലവഴിക്കേണ്ടി വന്നു. വെള്ളാപ്പള്ളി പറയുന്നത് മുഴുവൻ കേൾക്കാൻ തയ്യാറായി നിൽക്കുകയാണ് ഈഴവ സമുദായമെന്ന അദ്ദേഹത്തിന്റെ ധാരണ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് തന്റെ ശക്തമായ തിരിച്ചുവരവാണെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നും മനസ്സ് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി തനിക്കെതിരെ നിരന്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. ഗുരുദേവന്റെ പ്രാർത്ഥന പോലും തനിക്കറിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ കേൾക്കുമ്പോൾ വലിയ വിഷമമുണ്ട്. കൃത്യമായ ഐക്യത്തോടെ മുന്നോട്ടുപോയാൽ പീതവിപ്ലവ സമിതിയെ മികച്ച രീതിയിൽ നയിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ഭരണകാലഘട്ടം രാജ്യത്തിന്റെ സുവർണ്ണകാലമാണ്. തനിക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നുമില്ല. കേരളത്തിലും മികച്ചൊരു ഭരണമാണ് നിലവിലുള്ളത്, ഒപ്പം പ്രതിപക്ഷവും ശക്തമാണ്. തങ്ങളുടെ ഈ കൂട്ടായ്മയുടെ മുന്നേറ്റത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.





