ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ സി.പി.ഐ.എം നേതാക്കളെ ഒഴിവാക്കുന്നുവെന്ന ജി. സുധാകരൻ എം.എൽ.എയുടെ വിമർശനത്തെ തള്ളി മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയിൽ ആരും രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്നും കക്ഷിരാഷ്ട്രീയം നോക്കിയല്ല പ്രതികളെ പിടികൂടുന്നതോ ആർക്കെങ്കിലും ഇളവ് നൽകുന്നതോ എന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിവിരുദ്ധ നീക്കത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ ചരിത്ര വിജയത്തിലേക്കാണ് നീങ്ങുന്നത്. പൊതുജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഈ സംരംഭത്തിന് ലഭിക്കുന്നത്. ഇതുവരെ 170 കോടി രൂപ മൂല്യമുള്ള നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുക്കാൻ സാധിച്ചു. 10,600-ലധികം വ്യക്തികൾ അറസ്റ്റിലാവുകയും ഒൻപതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ മാസം 20-ന് പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ അന്വേഷണ ഏജൻസികളുടെ സഹകരണത്തോടെ ലഹരി മാഫിയയെ അടിവേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പക്ഷത്തുള്ളവർ പ്രതിസന്ധിയിലായപ്പോൾ മുൻപ് കേസുകൾ അട്ടിമറിച്ചവരാണ് ഇപ്പോൾ 'ഓപ്പറേഷൻ തൂഫാന്റെ' പേരിൽ പി.ആർ. പ്രചാരണം കൊഴുപ്പിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സോഷ്യൽ മീഡിയ വിമർശനത്തിനും ചെന്നിത്തല മറുപടി നൽകി. മുൻകാലങ്ങളിലെ സ്വന്തം ഭരണപരിചയം വെച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും ഇന്നത്തെ ഭരണത്തിൽ അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്തേര കേസിലെ പ്രതികൾ ഇപ്പോഴും അഴിക്കുള്ളിലാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് അരക്കിലോ ലഹരിമരുന്നെങ്കിലും പിടിച്ചെടുത്തിട്ട് വേണമായിരുന്നു പിണറായി ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ. അദ്ദേഹത്തിന്റെ ഭരണകാലത്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്. മുൻ മുഖ്യമന്ത്രി പദവി വഹിച്ച ഒരാൾ കുറച്ചുകൂടി ഉത്തരവാദിത്തബോധത്തോടെ സംസാരിക്കണം. ഇപ്പോൾ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയല്ലെന്ന് ഓർക്കണം. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതിയെ തകർക്കാൻ അദ്ദേഹം മുതിരരുത്. അനാവശ്യമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് താനില്ലെന്നും ലഹരിവിരുദ്ധ യജ്ഞത്തെ പ്രതിപക്ഷം അകമഴിഞ്ഞ് പിന്തുണയ്ക്കണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു.
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അതിൽ കഴമ്പില്ലെന്ന് തനിക്ക് വ്യക്തമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ആ പ്രചാരണത്തിൽ വസ്തുതയില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. എങ്കിലും സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





