കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റ് യോഗ വേളയിൽ വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ തടഞ്ഞുവെച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ 16 വിദ്യാർത്ഥികളെ മാറ്റിനിർത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
വി.സിയുടെ ഈ നീക്കം പൂർണ്ണമായും വിദ്യാർത്ഥിവിരുദ്ധമാണെന്നും എത്ര കാലയളവിലേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സിൻഡിക്കേറ്റ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അർച്ചന പറഞ്ഞു. പ്രക്ഷോഭങ്ങളെ ഭരണകൂടം എത്രയൊക്കെ അടിച്ചമർത്താൻ നോക്കിയാലും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്മാറില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളെ അണിനിരത്തി സമരം വ്യാപിപ്പിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. വി.സി സർവകലാശാലയിലെ സർവ്വാധികാരിയായ രാജാവല്ലെന്നും സസ്പെൻഷൻ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 13-നാണ് സിൻഡിക്കേറ്റ് യോഗം നടക്കവെ വി.സി സിസാ തോമസിനെതിരെ വിദ്യാർത്ഥികൾ സമരം നടത്തിയത്. സർവകലാശാലയിലെ പ്രവർത്തനരഹിതമായ തെരുവ് വിളക്കുകളുടെ പ്രതീകാത്മക ശവമഞ്ചവുമായിട്ടായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി സിൻഡിക്കേറ്റ് ഹാളിലേക്ക് എത്തിയത്. വി.സി സിസാ തോമസിനെയും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും വിദ്യാർത്ഥികൾ വഴിതടയുകയായിരുന്നു. ഇതിനുപിന്നാലെ തനിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായെന്നും സിൻഡിക്കേറ്റ് അംഗങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് സിസാ തോമസ് രംഗത്തുവന്നു. തന്റെ ഔദ്യോഗിക കാർ കേടുവരുത്തിയെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ സിസാ തോമസ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.





